ബിഹാറിൽ ഹോം ഗാർഡ് റിക്രൂട്മെന്റിനിടെ ബോധരഹിതയായ 26കാരി ആംബുലൻസിൽ കൂട്ടുബലാത്സംഗത്തിനിരയായി
text_fieldsപട്ന: ബിഹാറിലെ ബോധ്ഗയ ജില്ലയിൽ ഹോം ഗാർഡ് റിക്രൂട്മെന്റ് നടക്കുന്നതിനിടെ ബോധരഹിതയായ 26കാരിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ശാരീരിക ക്ഷമത പരിശോധനക്കിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി ബലാത്സംഗത്തിനിരയാക്കപ്പെട്ടത്.
ജൂലൈ 24നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബോധ് ഗയയിലെ ബിഹാർ മിലിറ്ററി പൊലീസ് ഗ്രൗണ്ടിൽ വെച്ചായിരുന്നു ഹോം ഗാർഡ് റിക്രൂട്മെന്റ് നടന്നത്. ശാരീരിക ക്ഷമത പരിശോധനകൾ നടക്കുന്നതിനിടെയാണ് യുവതി പെട്ടെന്ന് ബോധരഹിതയായത്. ഉടൻ തന്നെ സംഘാടകർ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബോധാവസ്ഥയിലായ തന്നെ ആംബുലൻസിലുള്ള ആളുകൾ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി.
എന്താണ് നടക്കുന്നതെന്ന് ആ സമയത്ത് മനസിലാക്കാൻ സാധിച്ചില്ലെന്നും യുവതി പറയുന്നു. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് നടന്ന കാര്യങ്ങളെ കുറിച്ച് അവർ ആശുപത്രി അധികൃതരോട് വിശദീകരിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ബോധ് ഗയ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, ടെക്നീഷ്യൻ അജിത് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ആംബുലൻസിന്റെ സഞ്ചാര പാതയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് ലോക് ജൻ ശക്തി പാർട്ടി എം.പി ചിരാഗ് പാസ്വാൻ രംഗത്തുവന്നു.
കുറ്റകൃത്യങ്ങൾ പെരുകിയിരിക്കുന്ന ഒരു സർക്കാറിനെ പിന്തുണയ്ക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ അനന്തരഫലങ്ങൾ വളരെ മോശമായിരിക്കും. ബിഹാറിലെ ജനങ്ങളുടെ ജീവിതവുമായാണ് സർക്കാർ കളിക്കുന്നതെന്നും ചിരാഗ് പാസ്വാൻ വിമർശിച്ചു.