ബിന്ദു പത്മനാഭൻ വധം; തെളിഞ്ഞത് രണ്ട്പതിറ്റാണ്ടിന് ശേഷം
text_fieldsബിന്ദു പത്മനാഭൻ
ചേർത്തല: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനാണെന്ന് തെളിഞ്ഞതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ദൂരൂഹതയിലായിരുന്ന കേസിനറുതിയായി. കടക്കരപ്പള്ളി പീടികപ്പറമ്പിൽ പത്മാനിവാസിൽ പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളാണ് ബിന്ദു.
മാതാപിതാക്കളുടെ മരണ ശേഷം സെബാസ്റ്റ്യനുമായുള്ള ബന്ധം തുടങ്ങിയതോടെയാണ് ബിന്ദുവിന്റെ ജീവിതം വഴിതെറ്റാൻ തുടങ്ങിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.ബിന്ദുവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. വിജനമായ വീട്ട് വളപ്പിൽ കുഴിയെടുത്ത് അതിലിട്ട് മൂടിയ അവശിഷ്ടങ്ങൾ മാംസം അഴുകിയ ശേഷം എല്ലിൻ കഷണങ്ങൾ എടുത്ത് തണ്ണീർമുക്കം ബണ്ടിൽ വച്ച് കായലിൽ എറിയുകയായിരുന്നുവെന്നാണ് സെബാസ്റ്റ്യന്റെ മൊഴി.
സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള മറ്റ് സ്ത്രീകളും ഈ വിധം കൊല്ലപ്പെട്ടതാകാമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. 2004 മുതൽ സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്ച ഇവിടെ തെളിവെടുപ്പിന് ക്രൈംബ്രാഞ്ച് കൊണ്ടുവരുകയും സെബാസ്റ്റ്യൻ മൃതദേഹം മൂടിയ കുഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കാട്ടി കൊടുക്കുകയും ചെയ്തിരുന്നു. 2006 ലാണ് ബിന്ദു പത്മനാഭൻ കൊലചെയ്യപ്പെട്ടത്. അതിന് മുമ്പ് തന്നെ കോടി കണക്കിന് രൂപ വിലവരുന്ന ബിന്ദുവിന്റെ വീടും വസ്തുക്കളും സെബാസ്റ്റ്യൻ മുൻകൈ എടുത്ത് വിൽപന നടത്തി പണം അപഹരിച്ചെന്നും ക്രൈംബ്രാഞ്ചിന് മൊഴി നൽകിട്ടുണ്ടെന്നാണ് സൂചന.
അമ്പലപ്പുഴയിലും ഇടപ്പള്ളിയിലും ബിന്ദു പുതുതായി വാങ്ങിയ സ്ഥലങ്ങളും വിൽക്കാൻ സെബാസ്റ്റ്യൻ ഒപ്പമുണ്ടായിരുന്നുവെന്ന് ബിന്ദുവിന്റെ ബന്ധുക്കൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിട്ടുണ്ട്. സ്ഥലങ്ങൾ വിൽപന നടത്തിയ വിവരങ്ങൾ വൈകിയാണ് ഇറ്റലിയിലുള്ള സഹോദരൻ പ്രവീൺ അറിഞ്ഞത്. ക്രൈംബ്രാഞ്ച് ആറ് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയ സെബാസ്റ്റ്യനെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ ചൊവ്വാഴ്ച വൈകിട്ട് നാലിന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി കണ്ണൂർ വിയ്യൂർ ജയിലേയ്ക്ക് കൊണ്ടുപോകും.


