കൈക്കൂലി: വില്ലേജ് ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
text_fieldsതലശ്ശേരി: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർക്ക് മൂന്ന് വർഷം കഠിന തടവും 40,000 രൂപ പിഴയും. ആദൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറായിരുന്ന കാസർകോട് പരവനടുക്കം കൈന്താർ ഹൗസിൽ കെ. അനിൽകുമാറിനെയാണ് (47) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക കഠിന തടവ് അനുഭവിക്കണം.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ കാസർകോട് യൂനിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ഉമ്മർ ഫാറൂഖാണ് പരാതിക്കാരൻ. 2013 ഒക്ടോബർ 21ന് പരാതിക്കാരനോട് ഇയാളുടെ ഉടമസ്ഥതയിലുള്ള റീ സർവേ നമ്പർ 602/09ൽ പെട്ട സ്ഥലത്തിന്റെ സ്കെച്ച് അനുവദിക്കുന്നതിനായി ആദൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസറായിരുന്ന പ്രതി 1500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 23ന് 1000 രൂപ കൈപ്പറ്റിയതാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചത്.
കാസർകോട് യൂനിറ്റ് വിജിലൻസ് ഡിവൈ.എസ്.പി ആയിരുന്ന കെ. ദാമോദരൻ രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ഡോ. വി. ബാലകൃഷ്ണൻ, ടി.പി. സുമേഷ്, സി.എം. ദേവദാസ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി രഘുരാമനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.