മദ്യപാനശല്യം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; വീട്ടമ്മയെ അധിക്ഷേപിച്ച സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsമുക്കം: കാരശ്ശേരി മുരിങ്ങംപുറായിയിൽ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അധിക്ഷേപിക്കുകയും വീടും കാറും അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരന്മാരായ രണ്ട് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ചിറ്റാരിക്കൽ പാലവയൽ സ്വദേശികളായ മുണ്ടക്കൽ ജിബിൻ ബാബു (31), എബിൻ ബാബു (25) എന്നവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പട്ടർച്ചോല പള്ളിക്കുന്നുമ്മലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തേ ഈ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികളുടെ മദ്യപാനശല്യത്തെത്തുടർന്ന് പ്രദേശവാസികൾ പരാതി നൽകുകയും തുടർന്ന് ഇവരെ വാടകവീട്ടിൽ നിന്നും ഒഴിപ്പിക്കുകയും ചെയ്തു.
ഇതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ വീട്ടിലെത്തിയ പ്രതികൾ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.
തുടർന്ന് വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറും വീടിന്റെ ജനലുകളും അടിച്ചുതകർത്ത് നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു.വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടി.
2024-ലും സമാനമായ കേസിൽ ഇവർക്കെതിരെ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.



