ബസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു; ഡ്രൈവർ ഗുരുതരാവസ്ഥയിൽ
text_fieldsഎടവണ്ണപ്പാറ (മലപ്പുറം): ബസിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു. എടവണ്ണപ്പാറ വിളക്കണ്ടത്തിൽ ചീടിക്കുഴി സ്വദേശി സജീം അലിയെ (36) മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവർ നാസറിനെ (39) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി എടവണ്ണപ്പാറയിലായിരുന്നു സംഭവം. ബസിലെ ജോലിയെ ചൊല്ലിയുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന ബസിൽ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് പ്രകോപനം. ബസ് ഡ്രൈവറായ നാസറിനെ സജീം അലി ഫോണിൽ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് നാസറിനെ ആക്രമക്കുന്നതിനിടെ സജീം അലിയുടെ തലക്ക് പരിക്കേറ്റു. ഇതാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
മാസങ്ങൾക്കുമുമ്പ് എടവണ്ണപ്പാറയിൽ ഹോം ഗാർഡിനെ ആക്രമിച്ച കേസിലെ പ്രതിയാണ് മരിച്ച സജീം അലി. ഇയാൾക്കെതിരെ വാഴക്കാട് പൊലീസിൽ 11 കേസുകളുണ്ട്. വാഴക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് എടവണ്ണപ്പാറ ജങ്‌ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്ന വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ സജീം അലി മർദിച്ചത്. മർദനത്തിൽ റോഡിൽവീണ ഉണ്ണികൃഷ്ണന്റെ ഇടത്തെ കാൽപ്പാദത്തിന്റെ എല്ലു പൊട്ടിയിരുന്നു. ഇതേ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് ഫുല്ലകുമാർ നാഥനെയും പ്രതി ആക്രമിച്ചിരുന്നു.


