വെള്ളം ചോദിച്ച് വീട്ടിലെത്തി; ഒന്നര പവൻ കവർന്നു
text_fieldsപത്തിരിപ്പാല: പേരൂർ പൂക്കാട്ട്കുന്നിൽ പട്ടാപ്പകൽ വീട്ടിൽ കയറി കവർച്ച. വെള്ളം ചോദിച്ചെത്തിയ മുഖം മൂടി ധരിച്ചയാളാണ് കവർച്ച നടത്തിയത്. പൂക്കാട്ട്കുന്ന് ഒഴക്കോട്ടിൽ സ്വാമിദാസന്റെ വീട്ടിൽ ബുധനാഴ്ച 10.30നും 11നും ഇടയിലാണ് കവർച്ച.
സംഭവം നടക്കുമ്പോൾ സ്വാമിദാസൻ ഉണ്ടായിരുന്നില്ല. വീട്ടുജോലിക്കാരി പ്രേമയും സ്വാമിദാസന്റെ പേരമകൾ ധനശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ഇയാൾ എത്തിയത്. പ്രേമ വെള്ളമെടുക്കാൻ അകത്ത് പോയതോടെ ഇയാൾ പിറകിലൂടെ പോയി പ്രേമയെ തള്ളി വീഴ്ത്തി കാതിലുണ്ടായിരുന്ന അരപ്പവന്റെ കമ്മൽ പറിച്ചെടുത്തു. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാലയും കവർന്ന് സ്ഥലംവിട്ടു. പ്രേമക്ക് ചെവിക്കും കാലിനും പരിക്കേറ്റു.
അബോധാവസ്ഥയിലായ പ്രേമയെ വീട്ടുടമ തിരിച്ചെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുടമ പിൻവാതിലിലൂടെയാണ് അകത്തെത്തിയത്. ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.


