കട്ടച്ചൽകുഴിയിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
text_fields1. അരുൺ പ്രശാന്ത് 2. കഞ്ചാവ് പിടികൂടിയ വീടിന് സമീപം പൊലീസ് പരിശോധന നടത്തുന്നു
ബാലരാമപുരം: ക്രിസ്മസ്-ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് എത്തിച്ച എട്ടര കിലോ കഞ്ചാവ് പൊലീസ് സാഹസികമായി പിടികൂടി. പള്ളിച്ചൽ വടക്കേവിള തണ്ണിക്കുഴി അരുൺ പ്രശാന്ത് (41) അറസ്റ്റിലായി. ആഴ്ചകളായി ലഹരിമാഫിയകളെ കേന്ദ്രീകരിച്ച് തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണിന്റെയും നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.
മംഗലത്തുകോണം ഈറ്റുകുഴിക്ക് സമീപത്തെ വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് എത്തിച്ചത്. ഇവിടെനിന്നാണ് ചെറിയ പൊതികളാക്കി ബൈക്കിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിൽപനക്ക് കൊണ്ടുപോകുന്നത്.
പരിസരത്തുള്ളവർക്കുപോലും അറിയാത്ത തരത്തിൽ അർദ്ധരാത്രിക്ക് ശേഷമാണ് കഞ്ചാവ് എത്തിക്കുന്നത്. ആന്ധ്രയിൽനിന്ന് പാലക്കാട്ടെത്തിക്കുന്ന കഞ്ചാവ് ബൈക്കിലാണ് ഇവിടെ കൊണ്ടുവനനതെന്ന് പൊലീസ് കണ്ടെത്തി.
ബാലരാമപുരം സി.ഐ ധർമ്മജിത്ത്, എസ്.ഐ ജ്യോതി സുധാകർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ പ്രേംകുമാർ, അനീഷ്, അരുൺകുമാർ, പത്മകുമാർ, അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.