കഞ്ചാവ് കടത്ത്: പ്രധാന പ്രതിയും സഹായിയും അറസ്റ്റില്‍
text_fieldsകാഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതികള്‍
വെഞ്ഞാറമൂട്: കഞ്ചാവ് കടത്തിയ സംഭവത്തിൽ പ്രധാന പ്രതിയും സഹായിയും അറസ്റ്റില്‍. പ്രധാനപ്രതി ചിറയിന്‍കീഴ് വലിയചിറ എ.എസ്. ഭവനില്‍ വിനീഷ്, ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാട്ടാക്കട സ്വദേശി അനൂപ് എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന് രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ബംഗളൂരുവില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. സഹായിയെ കാട്ടാക്കടനിന്നും പിടികൂടി.
2022ലാണ് കേസിനാസ്പദമായ സംഭവം. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍നിന്ന് 200 കിലോ കഞ്ചാവ് പിടിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി അന്വേഷണസംഘത്തിന് പിടികൊടുക്കാതെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെയും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു പ്രതികൾ. ഒളിവിലായിരിക്കെത്തന്നെ കേരളത്തിലേക്ക് മാരക രാസലഹരി വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയായിരുന്നു വിനീഷ്. കഴിഞ്ഞവര്‍ഷം ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കടത്ത് കേസിലെ ഒന്നാം പ്രതിയുമാണ്. പിടിയിലാവാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയൊന്നുംതന്നെ ഉപയോഗിക്കില്ലായിരുന്നു.
റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പ്രദീപ്, വെഞ്ഞാറമൂട് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ, സബ് ഇന്‍സ്പെക്ടര്‍ ഷാന്‍, ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ ദീലീപ്, എ.എസ്.ഐ രാജീവ്, സി.പി.ഒമാരായ അനൂപ്, റിയാസ്, ദിനോര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ഒരുമാസമായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.