ബൈക്കിൽ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി
text_fieldsഎരുമപ്പെട്ടി: ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാർ ഡ്രൈവറെ പൊലീസ് പിടികൂടി. പാലക്കാട് ജില്ലയിലെ മേലെപട്ടാമ്പി വയസത്തൊടി വീട്ടിൽ സുബൈറിനെയാണ് (54) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് വൈകീട്ട് കേച്ചേരി- അക്കിക്കാവ് ബൈപാസ് റോഡിലായിരുന്നു സംഭവം. ചൊവ്വന്നൂർ വെള്ളിത്തിരുത്തി ചിറളയത്ത് മുകുന്ദൻ-സുജാത ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ സുബൈർ ഓടിച്ചിരുന്ന കാർ വന്ന് ഇടിക്കുകയായിരുന്നു.
അപകടമുണ്ടായിട്ടും കാർ നിർത്താൻ തയാറാകാതെ സുബൈർ കടന്ന് കളയുകയായിരുന്നു. തുടർന്ന് എരുമപ്പെട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് പട്ടാമ്പിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കാറും കസ്റ്റഡിയിൽ എടുത്തു. എസ്.ഐ ആസിഫ്, സി.പി.ഒമാരായ പ്രവീൺ, നിബിൻ, അലക്സ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


