Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനടുക്കം, ഉദ്വേഗം;...

നടുക്കം, ഉദ്വേഗം; ദുരൂഹത തീരാതെ പിലാത്തറയിലെ കാർ കവർച്ച

text_fields
bookmark_border
നടുക്കം, ഉദ്വേഗം; ദുരൂഹത തീരാതെ പിലാത്തറയിലെ കാർ കവർച്ച
cancel

പയ്യന്നൂർ: ചോര ഒഴുകി കട്ടപിടിച്ച പാടുകൾ. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള യാത്രാസാധനങ്ങൾ വൻതോതിൽ വാരിവലിച്ചിട്ട നിലയിൽ. കാറിന്റെ ഉൾഭാഗം പൂർണമായും തകർത്ത നിലയിൽ. പിലാത്തറയിലെ നാട്ടുകാരെ ഭീതിയിലാക്കിയ പ്രഭാത കാഴ്ചക്കു പിന്നിലെ ദുരൂഹത രാവിരുളുംവരെ നീങ്ങിയില്ല എന്നതാണ് യാഥാർഥ്യം.

പിലാത്തറ കോഓപറേറ്റിവ് കോളജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കാർ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തിയതിലാണ് അടിമുടി ദുരൂഹത. കാറിൽ സഞ്ചരിച്ചവർ എത്തി പൊലീസിൽ മൊഴി നൽകിയെങ്കിലും സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. സഹകരണ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ കോളജ് അധികൃതരെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരാണ് പരിയാരം പൊലീസിൽ അറിയിച്ചത്.

പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് ഈ കാർ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പിന്നീടാണ് തലശ്ശേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന വിവരം ലഭിക്കുന്നത്.

പഴയ സ്വർണം വാങ്ങി മഹാരാഷ്ട്രയിൽ കൊണ്ടുപോയി വിൽപന നടത്തി പുതിയ ആഭരണങ്ങൾ കേരളത്തിലെത്തിക്കുന്ന വ്യാപാരമാണ് ഇവരുടേതെന്ന് പറയുന്നു. എന്നാൽ 25 ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പരാതി. മഹാരാഷ്ട്രയിൽ നിന്ന് വരുമ്പോൾ കൊണ്ടുവരാറുള്ള പുതിയ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലേ, പഴയ സ്വർണം വാങ്ങാൻ പണം കരുതിയിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.

കാറിനകത്തെ സീറ്റുകളും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണമായും അഴിച്ചുമാറ്റിയോ തകർത്തോ പരിശോധിച്ചിട്ടുണ്ട്. സ്വർണമോ പണമോ സൂക്ഷിക്കുന്ന രഹസ്യ അറകൾ കണ്ടെത്താനാണിതെന്ന് സംശയിക്കുന്നു. വണ്ടിയിലുണ്ടായിരുന്ന ബാഗുകൾ, തുണികൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കാർ കവർ തുടങ്ങിയവയെല്ലാം വണ്ടിയുടെ പുറത്ത് വശങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലാണ്. വണ്ടിയുടെ ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലാണ്.

വൻ കവർച്ചശ്രമമാണ് നടന്നതെന്നാണ് സൂചന. സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായതു കൊണ്ടുതന്നെ സംസ്ഥാനത്തിന് പുറത്തുള്ളവരാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വണ്ടി തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി അകത്തുള്ള ഭാഗങ്ങൾ വരെ കുത്തിപ്പൊളിച്ച നിലയിലായതിനാൽ കൃത്യമായ ആസൂത്രണത്തോടെയുള്ള കൊള്ളയാണ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു.

അന്തർസംസ്ഥാന ബന്ധമുള്ള പ്രഫഷനൽ കൊള്ളസംഘങ്ങളുടെ പങ്കുവരെ പൊലീസ് സംശയിക്കുന്നുണ്ട്. പരിസരങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

Show Full Article
TAGS:car theft pilathara kannur Police Crime 
News Summary - Car theft in Pilathara
Next Story