ചാനിയംകടവ് സംഘർഷം; മൂന്ന് സി.പി.എം പ്രവർത്തകർ പൊലീസിൽ കീഴടങ്ങി
text_fieldsരഞ്ജിത്ത്, അശ്വന്ത്, സുരേഷ്
വടകര : ചാനിയംകടവിൽ മുസ് ലിം ലീഗ് -സി.പി.എം സംഘർഷത്തിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ വടകര പൊലീസിൽ കീഴടങ്ങി. താഴെ കുറ്റിയിൽ യൂസഫിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഒന്നാം പ്രതി ചാനിയംകടവ് നിടുംകുനിയിൽ സുരേഷ് (45) , അഞ്ചാം പ്രതി മലയിൽ അശ്വന്ത് (31) , മൂന്നാം പ്രതി കൈതവളപ്പിൽ രഞ്ജിത്ത് (43) എന്നിവരാണ് വടകര പൊലീസിൽ കീഴടങ്ങിയത്. ഈ കേസിൽ നേരത്തെ ഒരു സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാനിയം കടവ് തേവരോട്ട് താഴകുനി ബബിനാണ് പിടിയിലായത്. ഇയാൾ റിമാൻഡിലാണ്.
ചാനിയംകടവിൽ ലീഗ് -സി.പി.എം സംഘർഷത്തിനിടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു വെച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും സ്വർണവും മൊബൈൽ ഫോണും കവർന്നെന്നുമാണ് പരാതി. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. സംഘർഷത്തിൽ ഒരു സി.പി.എം പ്രവർത്തകനും 2 ലീഗുകാർക്കുമാണ് പരിക്കേറ്റത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.


