ക്രിസ്മസ് പുതുവത്സരം; ബൈക്കിൽ മയക്കുമരുന്ന് വിൽപന
text_fieldsപിടിയിലായ പ്രതികൾ പൊലീസുകാർക്കൊപ്പം
കൊട്ടാരക്കര: ക്രിസ്മസ്, പുതുവത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി-മയക്കുമരുന്ന് സംഘങ്ങൾ സജീവമായതോടെ പരിശോധനക്കിറങ്ങിയ കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത് മൂന്ന് കേസുകളിലായി മൂന്നുപേർ. ഇവരിൽനിന്ന് 8.188ഗ്രാം മെത്താംഫെറ്റാമൈനും 13 ഗ്രാം കഞ്ചാവും ബൈക്കും കൊട്ടാരക്കര റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.
രഹസ്യസന്ദേശത്തെ തുടർന്ന് കൊട്ടാരക്കര റേഞ്ച് എക്സൈസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി ലഹരി മയക്കുമരുന്ന് വിൽപന കേസിൽ പ്രതിയായ എഴുകോൺ കാക്കകോട്ടൂർ സ്വദേശി രാഹുലിനെ (28) വിൽപനക്കായി കൊണ്ടുപോയ 4.069 ഗ്രാം മെത്താംഫെറ്റാമൈനും കഞ്ചാവും സഹിതം തൃക്കണ്ണമംഗൽ തട്ടത്ത്പള്ളിയുടെ ഭാഗത്തുെവച്ച് പിടികൂടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച ബൈക്കും പിടികൂടി. തുടർന്ന് തൃക്കണ്ണമംഗൽ മായിലാടുംപാറ റജിൻഭവനിൽ റെജിൻ ജോസഫിനെ (23) വിൽപനക്കായി കൊണ്ടുവന്ന 4.182 ഗ്രാം മെത്താംഫെറ്റാമൈനുമായി പിടികൂടി. ഇരുവരും റിമാൻഡിലാണ്.കഴിഞ്ഞദിവസം രാവിലെ നടന്ന പരിശോധനയിൽ ഗാന്ധിമുക്ക് കുന്നുംപുറത്ത് വീട്ടിൽ വൈശാഖിനെ (25) ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജാമ്യത്തിൽ വിട്ടു.
വരുംദിവസങ്ങളിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടക്കുമെന്ന് കൊട്ടാരക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.അസി. എക്സൈസ് ഇൻസ്പെക്ടർ ഇന്റലിജിൻസ് ബ്യൂറോ എം.ജെ. ഗിരീഷ്, അസി. റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബാബുപ്രസാദ്, അസി. റേഞ്ച് ഓഫിസർ അരുൺ, സിവിൻ സജി ചെറിയാൻ, അരുൺ സാബു, വനിത ഓഫിസർ സൗമ്യ, മുബീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.