അമിത പലിശക്ക് പകരമായി വാഹനം തട്ടിയെടുത്തയാൾ പിടിയിൽ
text_fieldsപാറശ്ശാല: അമിത പലിശക്ക് നല്കിയ പണത്തിന് ഈടായി യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം പിടിച്ചെടുത്തയാള്‍ അറസ്റ്റില്‍. കൊറ്റാമം സ്വദേശി ഹരന് (30)ആണ് പിടിയിലായത്. പാറശ്ശാല പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അമിത പലിശക്ക് നല്കിയ പണത്തിന് ഈടായി വാങ്ങിയ നാലു കാറുകള്‍, കണക്കില്‍ പെടാത്ത രണ്ട് ലക്ഷം രൂപ, ഏഴു വാഹനങ്ങളുടെ ആര്.സി. ബുക്ക്, പലരില്‍ നിന്നും ഒപ്പിട്ടു വാങ്ങിയ ചെക്ക് തുടങ്ങിയവയും കണ്ടെത്തി. ഹരനില്‍ നിന്നും പണം കടം വാങ്ങിയ മര്യാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഒന്നരവര്‍ഷം മുന്‍പ് വിശാഖ് ഹരനില്‍ നിന്ന് ആറര ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പലതവണയായി 17 ലക്ഷം രൂപ തിരിച്ചു നല്കി. വീണ്ടും പണം നല്‍കേണ്ടതുണ്ടെന്നും ഭീഷണിപ്പെടുത്തി വിശാഖിന്റെ കാര്‍ ഈടായി ഹരന് പിടിച്ചെടുത്തു. വാഹനം വിട്ടു നല്‍കുന്നതിന് വിശാഖ് പലരില്‍ നിന്നും പണം കടം വാങ്ങി വീണ്ടും നല്‍കിയെങ്കിലും കാര്‍ മടക്കി നല്‍കിയില്ല. വാഹനം വിട്ടു നല്കാന് വിശാഖിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്നാണ് ഇക്കഴിഞ്ഞ 19ന് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പാറശ്ശാല, ഉദിയന്‍കുളങ്ങര പ്രദേശങ്ങള്‍ കേന്ദ്രമാക്കി വാഹനം, ഭൂമിയുടെ രേഖകള്‍, ആര്.സി, ബുക്ക്, ചെക്ക് എന്നിവ വാങ്ങി അമിത പലിശക്ക് പണം നല്കുന്ന ഒട്ടേറെ പേര് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലിശ വൈകിയാല്‍ ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പം എത്തുന്ന സംഘം വീടു കയറി ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുന്നതാണ് രീതി.