സൈബർ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടിൽനിന്ന് 97,000 രൂപ നഷ്ടമായി
text_fieldsആലുവ: സൈബർ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 97,000 രൂപ നഷ്ടപെട്ടതായി പരാതി. എടത്തല പേങ്ങാട്ടുശ്ശേരിയിൽ താമസിക്കുന്ന വി.എസ്. ജലീലിന്റെ ഫോണിൽനിന്നാണ് ശനിയാഴ്ച രൂപ നഷ്ടപ്പെട്ടത്. വൈകീട്ട് നാലിന് വണ്ടി ഡ്രൈവ് ചെയ്യുന്നിടെ ഫോൺ ഓട്ടോ അപ്ഡേറ്റ് ഡൗൺ ലോഡിങ്ങെന്ന് എഴുതിക്കാണിക്കുകയും സ്ക്രീൻ മൊത്തം ബ്ലാക്കാവുകയും ചെയ്തു. ഇത് സാധാരണ സോഫ്റ്റ് വെയർ അപ് ലോഡാണെന്ന് കരുതി ഡൗൺലോഡ് പൂർത്തിയായശേഷം തന്നെ പൂർവസ്ഥിതിയിലേക്ക് ഫോൺ പ്രവർത്തന സജ്ജമായെത്തിയെങ്കിലും ഇടക്കുകടയിൽ കയറി ചായകുടിച്ച ശേഷം പണം സ്കാനർവഴി കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് ഫോണിൽ വൈറസ് കയറിയതായി എഴുതിക്കാണിച്ചത്.
എന്നാൽ, രാത്രി ഫോണിൽനിന്ന് മകൾക്ക് സ്വർണം വാങ്ങാൻ ഒരുലക്ഷം രൂപ അയക്കാൻ ശ്രമിച്ചപ്പോഴാണ് ഇന്നത്തെ പണമിടപാട് അവസാനിച്ചെന്ന് ബാങ്ക് സെർവർ എഴുതിക്കാണിച്ചത്. സംശയം തോന്നി ട്രാൻസാക്ഷൻ പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. പല അക്കൗണ്ട് വഴിയാണ് തട്ടിപ്പു നടത്തിയത്. ആദ്യം 90000 രൂപ പിൻവലിച്ചു. അപ്പോൾ തന്നെ വേറെ അക്കൗണ്ടിൽ നിന്നും 95000 പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അതിൽ ഹാക്കർ പരാജയപ്പെട്ടു. തുടർന്ന് അവർ 8600 രൂപ ജലീലിന്റെ അക്കൗണ്ടിലേക്ക് തിരിച്ചിട്ടശേഷം കൂടുതൽ തുക എടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് അവർ ആ 8600 രൂപയും അതു കൂടാതെ 7000 രൂപ കൂടി പിൻവലിച്ചു. ഇത്തരത്തിൽ ആകെ 97,000 രൂപയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ചയും പണം തട്ടാൻ ശ്രമമുണ്ടായിയെങ്കിലും വിജയിച്ചില്ല. തിങ്കളാഴ്ച ബാങ്കിൽ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചശേഷം, പണം നഷ്ടപ്പെട്ട വിവരം സൈബർ സെല്ലിലും ബാങ്കിലും അറിയിച്ചു.



