പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന് തീയിട്ടയാൾ പിടിയിൽ
text_fieldsകോലഞ്ചേരി: പൂതൃക്ക ഗ്രാമപഞ്ചായത്തുവക ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീവെച്ചയാൾ പിടിയിൽ. ഐക്കരനാട് സൗത്ത് പരിയാരം കരയിൽ മീമ്പാറ ഭാഗത്ത് കദളിപ്പറമ്പിൽ ശങ്കറിനെയാണ് (44) പുത്തൻകുരിശ് പൊലീസ് പിടികൂടിയത്.
24ന് രാത്രി ഒന്നിനാണ് സംഭവം. ഇയാളുടെ കുടുംബവീടിനു സമീപമാണ് പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇവിടെ പ്ലാസ്റ്റിക് സൂക്ഷിച്ച വിരോധമാണ് തീവെക്കാൻ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഏഴ് കടമുറികളിലും മുറ്റത്തുമായി സൂക്ഷിച്ച പ്ലാസ്റ്റിക്കും ഇത് പൊടിക്കാൻ ഉപയോഗിക്കുന്ന മെഷീനുകളും കെട്ടിടത്തിന്റെ വയറിങ്ങുകളും കത്തിനശിച്ചു.
സംഭവത്തിനുശേഷം പ്രതി വയനാട്ടിൽ ഒളിവിലായിരുന്നു. ഡിവൈ.എസ്.പി ടി.ബി. വിജയൻ, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ കെ.എസ്. ശ്രീദേവി, എ.എസ്.ഐ മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോദരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.