മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരം; ഭീതി പടർത്തി ലഹരി -മോഷണ സംഘങ്ങൾ
text_fieldsകൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ സംഘങ്ങൾ ഭീതി ഉയർത്തുന്നു. തുടർച്ചയായ വാഹന മോഷണം, പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ സ്പെയർ പാർട്ട്സ് മോഷണം, പെട്രോൾ മോഷണം എന്നിവ മൂലം നാട്ടുകാരും യാത്രക്കാരും പൊറുതിമുട്ടുകയാണ്.
രാത്രിയിൽ വേണാട് എക്സ്പ്രസിൽ വന്നിറങ്ങുന്ന യാത്രക്കാർ ലഹരി സംഘങ്ങളെ ഭയന്നാണ് സഞ്ചരിക്കുന്നത്. റെയിൽവേ ഇന്റർമീഡിയറ്റ് ബ്ലോക്ക് സിഗ്നൽ നടപ്പിലാക്കി ആദ്യം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർമാരെ പിൻവലിച്ചിരുന്നു. പിന്നീട് റെയിൽവേയുടെ കമേഴ്സ്യൽ ജീവനക്കാർക്കായിരുന്നു ടിക്കറ്റ് വിതരണവും സ്റ്റേഷന്റെ ഭരണ ചുമതലയും.
ഇപ്പോൾ ജീവനക്കാരെയും പിൻവലിച്ച് ടിക്കറ്റ് വിതരണം കരാറുകാർക്ക് കൈമാറി. സ്റ്റേഷൻ നാഥനില്ലാക്കളരിയാക്കി മാറ്റിയതോടെ ആർ.പി.എഫും തിരിഞ്ഞുനോക്കാതായി. ഈ സാഹചര്യം മുതലെടുത്ത് മാമൂട്ടിൽക്കടവ് മുതൽ റെയിൽവേ സ്റ്റേഷൻ വരെ, രാത്രിയും ആൾ സഞ്ചാരം കുറഞ്ഞ പകൽ സമയത്തെ ഇടവേളകളിലും സാമൂഹികവിരുദ്ധ ശക്തികൾ നിർബാധം വിഹരിക്കുകയാണ്. പരിസരങ്ങളിലെ വീടുകളിലും മോഷണം പതിവായി. തിരുവനപുരത്ത് ജോലി ചെയ്യുന്ന സ്ത്രീയുടെ സ്കൂട്ടർ കഴിഞ്ഞദിവസം മോഷണം പോയി.