ടാക്സിയുടെ മറവിൽ രാസലഹരി കടത്ത്: മൊത്തവിതരണക്കാരൻ പിടിയിൽ
text_fieldsഅതുൽ
ചാലക്കുടി: ഉബർ ടാക്സിയുടെ മറവില്‍ രാസലഹരി കേരളത്തിലേക്ക് കടത്തുന്ന മൊത്ത വിതരണക്കാരനെ പിടികൂടി. കഴിഞ്ഞ മാസം 14ന് ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് 56.120 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഇത് എത്തിച്ചു നല്കിയ മൊത്ത വിതരണക്കാരനായ ഉബർ ടാക്സിക്കാരനായ നേവി അതുല്‍ എന്ന് വിളിക്കുന്ന രാമനാട്ടുകര കായിക്കോട്ട് വീട്ടില്‍ അതുലിനെ (27)യാണ് ബാംഗ്ലൂരില്‍നിന്ന് തൃശൂര്‍ റൂറല്‍ പൊലീസ് സംഘം പിടികൂടിയത്.
കെ.എസ്.ആര്.ടി.സി ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതായി തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് 14ന് തൃശൂര്‍ റൂറല്‍ ലഹരി വിരുദ്ധസേനയിലെ അംഗങ്ങള്‍ ചാലക്കുടി കെ.എസ്.ആര്.ടി.സി സ്റ്റാൻഡില്‍ നടത്തിയ പരിശോധനയില്‍ കോട്ടയം വൈക്കം നടുവില്‍ അയര്‍കുളങ്ങര സ്വദേശിനി അഞ്ചുപറ വീട്ടില്‍ ശാലിനി (31), കോട്ടയം വാഴമന സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ വിദ്യ (33), കയ്പമംഗലം പള്ളിവളവ് സ്വദേശി ആനക്കോട്ട് വീട്ടില്‍ അജ്മല്‍ (35), ചളിങ്ങാട് സ്വദേശി വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ ഷിനാജ് (34), കടവില്‍ വീട്ടില്‍ അജ്മല്‍ (2) എന്നിവരെ 56.120 ഗ്രാം എം.ഡി.എം.എ അടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
ഈ അഞ്ച് പ്രതികളെയും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പുകൾക്കുമായി കോടതിയിൽനിന്ന് അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്നിന്റെ ഉറവിടം നേവി അതുൽ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
അതുൽ കോഴിക്കോട് ഫറോഖ് പൊലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലെ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചാലക്കുടി എസ്.ഐ ലാലു, സി.പി.ഒമാരായ ആന്‍സണ്‍, സജീവ്, നിത്യ, ഡ്രൈവര്‍ എ.എസ്.ഐ ജിബി ബാലന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


