ചെക്ക്പോസ്റ്റുകളിൽ കാമറകളില്ല; വ്യാപകമായി ലഹരിക്കടത്ത്
text_fieldsചെറുവത്തൂർ: സംസ്ഥാനത്ത് എക്സൈസ് ചെക്ക്പോസ്റ്റുകളിൽ സി.സി.ടി.വി കാമറകളില്ല. ഇതിനെ തുടർന്ന് അതിർത്തി കടന്നുള്ള ലഹരിവസ്തുക്കളുടെ കടത്ത് വ്യാപകമായി.
സംസ്ഥാനത്ത് ആകെ 36 ചെക്ക്പോസ്റ്റുകൾ മാത്രമാണുള്ളത്. തിരുവനന്തപുരം ജില്ലയിൽ 13, കൊല്ലം 2, ഇടുക്കി 4, തൃശൂർ 1, പാലക്കാട് 9, മലപ്പുറം 1, കോഴിക്കോട് 1, വയനാട് 2, കണ്ണൂർ 2, കാസർകോട് 1 എന്നിങ്ങനെയാണവ. എന്നാൽ, ഇതിൽ ചിലതിൽ മാത്രമാണ് സി.സി.ടി.വി കാമറകളുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എം.ഡി.എം.എ, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും മറ്റും അതിർത്തി കടന്ന് കേരളത്തിലേക്ക് വരുന്ന എല്ലായിടങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കേണ്ടത് അനിവാര്യമാണ്.
എന്നിട്ടും ഒരിടത്തുപോലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പൊതുപ്രവർത്തകൻ എം.വി. ശിൽപരാജ് നൽകിയ വിവരാവകാശത്തെ തുടർന്നാണ് കാമറകൾ ഒന്നുപോലും ഇല്ലെന്നകാര്യം വ്യക്തമായത്. എല്ലാ സംസ്ഥാന അതിർത്തികളിലും എക്സൈസ് ചെക്ക്പോസ്റ്റുകൾ ഇല്ലാത്തത് എക്സൈസിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ലഹരിക്കുറ്റങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതിലേക്കും അടിസ്ഥാനമായി വേണ്ടുന്നതുമായ സംസ്ഥാനത്തെ എല്ലാ ചെക്ക്പോസ്റ്റുകളിലും അടിയന്തരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ബാക്കിയുള്ള സംസ്ഥാന അതിർത്തികളിൽ അടിയന്തരമായി ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നതിലേക്കും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ശിൽപരാജ് നിവേദനം വകുപ്പ് മന്ത്രിക്കും കമീഷണർക്കും സമർപ്പിച്ചിരിക്കുകയാണ്.