ലഹരി വിൽപന: താൻസനിയൻ സ്വദേശികളെ പഞ്ചാബിൽനിന്ന് പിടികൂടി
text_fieldsമിയോങ്ക അത്ക ഹറുണ,ഡേവിഡ് എന്റമി
കുന്ദമംഗലം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്ന മൊത്ത വിൽപനക്കാരായ താൻസനിയൻ സ്വദേശികൾ ഡേവിഡ് എന്റമി (22), മിയോങ്ക അത്ക ഹറുണ (21) എന്നിവരെ കുന്ദമംഗലം പൊലീസ് പഞ്ചാബിൽനിന്ന് പിടികൂടി. പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ വിദ്യാർഥികളാണ് ഇവർ. ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കാസർകോട് മഞ്ചേശ്വരം സ്വദേശി ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27), കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ ഫെബ്രുവരി നാലിന് തെളിവെടുപ്പിനായി ബംഗളൂരുവിൽ കൊണ്ടുപോയിരുന്നു. തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ അന്നേദിവസം ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളെക്കുറിച്ച് മനസ്സിലാക്കി. തുടർന്ന് ഫെബ്രുവരി 12ന് മുഹമ്മദ് ഷമീൽ എന്നയാൾ ഉള്ളത് മൈസൂരുവിലാണെന്ന് മനസ്സിലാക്കി വൃന്ദാവൻ ഗാർഡനടുത്തുള്ള ഹോട്ടലിന്റെ സമീപത്തുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പരിശോധിച്ചതിൽ വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതും പണം അത്ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയിൽ വെച്ചാണ് പിൻവലിച്ചതെന്നും കണ്ടെത്തി.
ഇവർ പഞ്ചാബിലെ പഗ്വാരയിലാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇവിടെയെത്തി ഇവർ പഠിക്കുന്ന കോളജിനു സമീപം പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം എസ്.എച്ച്.ഒ കിരൺ, എസ്.ഐ നിധിൻ, എസ്.സി.പി.ഒമാരായ ബൈജു, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.