Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമജിസ്ട്രേട്ടിന്...

മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് കടന്ന പ്രതിയെ ഇടപ്പള്ളി തോട്ടിൽനിന്നും പിടികൂടി

text_fields
bookmark_border
മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് കടന്ന പ്രതിയെ ഇടപ്പള്ളി തോട്ടിൽനിന്നും പിടികൂടി
cancel

കൊച്ചി: പിടിച്ചുപറി കേസിൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. ഞായറാഴ്ച പറവൂരിൽനിന്ന് പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ ഇടപ്പള്ളി തോട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. റെയിൽവേ ട്രാക്കിന് സമീപത്തേക്ക് യുവാക്കളെ വിളിച്ചുവരുത്തി മർദിച്ച്, മൊബൈൽ ഫോണും മാലയും അപഹരിച്ച കേസിലെ പ്രതി പത്തനംതിട്ട പഴകുളം റസൽ മൻസിലിൽ റസലിനെയാണ് (20) പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.

രക്ഷപ്പെട്ടത്തിന്റെ മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് വലയിലായത്. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയ റസലിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിച്ചു വീണ്ടും കടന്നുകളയുകയായിരുന്നു. തുടർന്ന് കുന്നുംപുറം പാലത്തിന് സമീപം ഇടപ്പള്ളി തോട്ടിൽ ആഫ്രിക്കൻ പോളകൾക്കിടയിൽ ഒളിച്ച പ്രതിയെ ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിലാണ് കണ്ടെത്തിയത്. അക്രമാസക്തനായ റസലിനെ ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ സ്പെഷൽ സ്ക്വാഡിനാണ് പ്രതി എളമക്കര ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചത്. സെൻട്രൽ എ.സി.പി പ്രേമാനന്ദ കൃഷ്ണൻ, കടവന്ത്ര എസ്.എച്ച്.ഒ ആർ. ബിജു, എസ്.ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതിയെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തി.

എന്നാൽ, പിടികൂടാൻ ശ്രമിച്ച പൊലീസുകാരുടെ കൈയിൽ കടിച്ചും ആക്രമിച്ചും തള്ളിയിട്ട ശേഷം റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഏതോ കടയിൽ നിന്ന് ഷർട്ട് മാറി ധരിക്കുകയും ചെയ്തു. ഇതോടെ കടവന്ത്ര, എളമക്കര, ചേരാനല്ലൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും സ്ട്രൈക്കർ ടീമും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് 3.30 ന് വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതിയുണ്ടെന്ന് കണ്ടെത്തിയതോടെ നാട്ടുകാരും പൊലീസും പറമ്പു വളഞ്ഞു. അതോടെ പ്രതി ആഫ്രിക്കൻ പോള നിറഞ്ഞ ഇടപ്പള്ളി തോട്ടിലേക്ക് ചാടുകയായിരുന്നു.

കടവന്ത്രയിലെ സി.പി.ഒ ഷിബു, എറണാകുളം നോർത്തിലെ സി.പി.ഒ റിനു, എ.ആർ ക്യാംപിൽ നിന്നുള്ള ഷൈൻ രാജ് എന്നിവർ വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. ശ്വാസമെടുക്കാൻ മുഖം മാത്രം വെള്ളത്തിന് മുകളിൽ കൊണ്ടുവന്ന് പോളക്കിടയിൽ പതിയിരുന്ന പ്രതിയെ ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. വീണ്ടും അക്രമാസക്തനായെങ്കിലും പ്രതിയെ കരയിലേക്ക് വലിച്ചു കയറ്റി കീഴടക്കുകയായിരുന്നു. പിടിയിലാകുമ്പോഴും പ്രതിയുടെ കൈയിൽ വിലങ്ങുണ്ടായിരുന്നു. വെള്ളത്തിൽ തിരച്ചിൽ നടത്താനായി ഏലൂർ അഗ്നിരക്ഷാ സേനയുടെ സഹായം പൊലീസ് തേടിയെങ്കിലും ഇവരെത്തും മുമ്പ് പ്രതിയെ കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റസലിനൊപ്പം ചാടിപ്പോയ ആലപ്പുഴ നൂറനാട് കഞ്ഞിക്കോട് ചെറുനാമ്പിൽ വീട്ടിൽ സൂരജിനെ (20) ഞായറാഴ്ച രാത്രി പിടികൂടിയിരുന്നു. പ്രതികൾ ചാടിപ്പോയതിനെ തുടർന്നു പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടായി.

Show Full Article
TAGS:Crime News police news attack. Police edappally Kochi news 
News Summary - The accused who attacked the police while being produced before the magistrate was arrested from Edappally Thottil
Next Story