സിഗരറ്റ് കടം കൊടുത്തില്ല; വയോധികനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
text_fieldsനേമം: സിഗരറ്റ് കടംനല്കാത്ത വിരോധത്തിന് വയോധികനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മുട്ടത്തറ പെരുനെല്ലി സ്വദേശി ശശികുമാറിനെ (72) തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വള്ളക്കടവ് സ്വദേശി സവാദ് (48) ആണ് തന്നെ ആക്രമിച്ചതെന്ന് കാട്ടി ശശികുമാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്കി.
ശശികുമാര്‍ മുറുക്കാന്‍കട നടത്തിവരികയാണ്. സംഭവദിവസം മദ്യപിച്ചെത്തിയ സവാദ് കടയിലെത്തി ഒരുപാക്കറ്റ് സിഗരറ്റ് ആവശ്യപ്പെട്ടു. കടംവാങ്ങിയ കാശ് തിരികെ നല്‍കാതെ സിഗരറ്റ് തരില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായ സവാദ് കടയ്ക്ക് സമീപംകിടന്ന കമ്പിയെടുത്ത് ശശികുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാരാണ് ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കടിയേറ്റ ശശികുമാര്‍ കടയിലുണ്ടായിരുന്ന ചട്ടിയെടുത്ത് സവാദിന്റെ തലയ്ക്കും അടിച്ചു. സവാദും പരിക്കേറ്റ് മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്.


