വ്യാജമദ്യ റെയ്ഡിനിടെ എക്സൈസ് ഇൻസ്പെക്ടർക്ക് വെട്ടേറ്റു
text_fieldsപിടിയിലായ പ്രതി തോമസ്, വെട്ടേറ്റ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ
ചെറുതോണി: വ്യാജമദ്യ റെയ്ഡിനിടെ എക്സൈസ് ഇൻസ്പെക്ടർക്ക് വെട്ടേറ്റു. തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മനാണ് വെട്ടേറ്റത്. കണ്ണിനും മുഖത്തും കാൽമുട്ടിനും നെഞ്ചിലും വെട്ടേറ്റ ലിജോ ഉമ്മനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരകക്കാനത്തുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടെ വീട്ടുടമ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
സംഭവത്തിൽ നാരകക്കാനം തയ്യിൽ തോമസിനെ അറസ്റ്റുചെയ്തു. പ്രതിയെ ഇടുക്കി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ വീട്ടിൽനിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ഇടുക്കി എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് ലിജോ ഉമ്മനും സംഘവും ഇവിടെ പരിശോധനക്കെത്തിയത്. പ്രിവൻറീവ് ഓഫീസർ ജയൻ പി. ജോൺ, പ്രിവൻറീവ് ഓഫീസർ (ഗ്രേഡ്) എ. ഷിയാദ്, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


