നഗരത്തിൽ എക്സൈസ് റെയ്ഡ്; ഒമ്പത് കിലോ കഞ്ചാവും ഹെറോയിനും പിടികൂടി
text_fieldsസംഗീത്, അൻവർ ഹുസൈൻ
കൊട്ടിയം: പള്ളിമൺ, ഉമയനല്ലൂർ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒമ്പത് കിലോ കഞ്ചാവും മൂന്ന് ഗ്രാം ഹെറോയിനും പിടികൂടി. പള്ളിമണിൽ റെയ്ഡ് നടക്കുന്നതിനിടെ എക്സൈസ് ഓഫിസറെ ആക്രമിച്ചശേഷം രണ്ടുപേർ രക്ഷപ്പെട്ടു.
അന്തർസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. പള്ളിമൺ ചാലക്കര പണയിൽവീട്ടിൽ സംഗീത് (32) ആണ് ഏഴരകിലോയോളം കഞ്ചാവുമായി പിടിയിലായത്.
ചാലക്കര മരത്തടിവിളവീട്ടിൽ നന്ദൻ എന്ന അനന്തകൃഷ്ണൻ (30), ചാലക്കര ചരുവിള പുത്തൻവീട്ടിൽ സജാദ് മൻസിലിൽ സജാദ് (36) എന്നിവരാണ് രക്ഷപ്പെട്ടതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ചാലക്കരയിൽ സംഗീതിന്റെ വീട്ടിൽ നടന്ന റെയ്ഡിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.
സുഹൃത്തുക്കൾക്കൊപ്പം വിൽപനക്കായി കഞ്ചാവ് നിറക്കുന്നതിനിടെയാണ് എക്സൈസ് സംഘം എത്തിയത്. തുടർന്ന് സജാദ് എക്സൈസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. സിവിൽ എക്സൈസ് ഓഫിസർ ജോജോയുടെ മുഖത്തിടിച്ചശേഷം കൂട്ടാളിക്കൊപ്പം സജാദ് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർക്കായി എക്സൈസ് തിരച്ചിൽ ഊർജിതമാക്കി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സംഗീതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഉമയനല്ലൂരിൽ നടത്തിയ റെയ്ഡിൽ മൂന്ന് ഗ്രാം ഹെറോയിനും ഒന്നര കിലോ കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പശ്ചിമബംഗാൾ ദക്ഷിണ് ദിനാജ്പുർ ഹരിറാംപുർ ബിനായിർ ഗ്രാമത്തിൽനിന്നുള്ള അനോവർ ഹൊസൈൻ (31) ആണ് ഹെറോയിനുമായി പിടിയിലായത്. ഉമയനല്ലൂർ, കൊട്ടിയം, കണ്ണനല്ലൂർ തുടങ്ങിയ ഭാഗങ്ങളിലുള്ള അന്തർസംസ്ഥാന തൊഴിലാളികൾക്ക് മയക്കുമരുന്ന് വിതരണം നടത്തുന്നയാളാണ് പിടിയിലായ അനോവർ ഹുസൈൻ എന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും എക്സൈസ് അറിയിച്ചു.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്. അജിത്ത്, എം.ആർ. അനീഷ്, ജൂലിയൻ ക്രൂസ്, സൂരജ്, അഭിറാം, ജോജോ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വർഷ എന്നിവരാണ് റെയ്ഡ് നടത്തിയത്.