Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവെറും 75,000 രൂപ;...

വെറും 75,000 രൂപ; ഡിഗ്രി, പി.ജി വ്യാജ സർട്ടിഫിക്കറ്റുകൾ റെഡി! പിടിയിലായത് വൻ മാഫിയ; ജോലി നേടിയവരെ കണ്ടെത്താൻ അന്വേഷണം

text_fields
bookmark_border
വെറും 75,000 രൂപ; ഡിഗ്രി, പി.ജി വ്യാജ സർട്ടിഫിക്കറ്റുകൾ റെഡി!  പിടിയിലായത് വൻ മാഫിയ; ജോലി നേടിയവരെ കണ്ടെത്താൻ അന്വേഷണം
cancel

തിരൂർ: പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ ​പൊലീസ് പിടികൂടിയതിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ‘ഡാനി’ എന്ന വ്യാജപേരിൽ മാഫിയ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരൻ തിരൂർ സ്വദേശി ധനീഷ്(37), പൊന്നാനി സി.വി ജംഗ്ഷനിലെ റിക്രൂട്ടിങ് സ്ഥാപന ഉടമയായ ഇർഷാദ് (39), രാഹുൽ, നിസ്സാർ, തിരുവനന്തപുരം സ്വദേശി ജസീം എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പൊന്നാനി സി.ഐ എസ്. അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്തർസംസ്ഥാന ബന്ധമുള്ള മാഫിയയെ വലയിലാക്കിയത്.

100ഓളം വ്യാജ സർട്ടിഫിക്കറ്റുകളുമായി ഇർഷാദിനെ പിടികൂടിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹായികളായ രാഹുൽ, നിസ്സാർ എന്നിവരെയും, ഇവർക്ക് സർട്ടിഫിക്കറ്റ് എത്തിച്ചുനൽകിയ തിരുവനന്തപുരം സ്വദേശി ജസീമിനെയും ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിലൂടെയാണ് ‘ഡാനി’ എന്ന വ്യാജപേരിൽ മാഫിയ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരൻ ധനീഷിനെ പൊലീസ് വലയിലാക്കിയത്. പുണെയിൽ ബാറുകളും ബിസിനസ്സുകളുമായി ആഡംബര ജീവിതം നയിച്ചിരുന്ന ധനീഷിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുന്ദമംഗലത്ത് വെച്ചാണ് അതിസാഹസികമായി പിടികൂടിയത്.

75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ വിറ്റിരുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും ശിവകാശിയിലുമായിരുന്നു നിർമ്മാണം. ഇവിടെ നടത്തിയ റെയ്ഡിൽ 63 ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള പേപ്പറുകൾ, വിവിധ സർവകലാശാലകളുടെ ഹോളോഗ്രാം, സീലുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തു. പ്രിന്റിംഗ് നടത്തിയിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും ജോലി നേടിയവരെയും, സർക്കാർ സർവീസിൽ കയറിയവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിരൂർ ഡി.വൈ.എസ്.പി എ.ജെ ജോൺസൺ, പൊന്നാനി സി.ഐ എസ്. അഷറഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിൽ എസ് ഐമാരായ ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ്, ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, പ്രകാശ്,എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ അനിൽ വിശ്വൻ,അഷറഫ് എം.വി, നാസർ, എസ് .പ്രശാന്ത് കുമാർ, ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ്, സൗമ്യ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ എന്നീ പോലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Show Full Article
TAGS:fake certificate Crime News Kerala News Malayalam News 
News Summary - Fake certificate mafia held
Next Story