വന്യമൃഗങ്ങളെ വേട്ടയാടിയ നാലംഗ സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പുൽപള്ളി: കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ നാലു പേരെ പിടികൂടി.
ചണ്ണോത്ത്കൊല്ലി കെ.ടി. അഭിലാഷ് (41), ഐ.ബി. സജീവൻ (49), കുന്നത്ത് കവല സണ്ണി തോമസ് (51), കാപ്പിസെറ്റ് ടി.ആർ. വിനേഷ് (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെതലത്ത് റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസം കാപ്പിസെറ്റ്, ചാമപ്പാറ ഭാഗങ്ങളിൽനിന്നും കാട്ടിറച്ചി വിൽപന നടത്തിയവരും വാങ്ങിയവരുമായ ആറുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. 50 കിലോയിലധികം ഇറച്ചിയും തോക്കും സാമഗ്രികളും പിടികൂടിയിരുന്നു. ഇതിൽ വേട്ടക്ക് കർണാടക വനത്തിൽ തോക്കുകളുമായി പോയ നാലു പേരെയാണ് ഒളിവിൽ താമസിച്ചുവരവേ ശശിമല, ചാമപ്പാറ ഭാഗങ്ങളിൽനിന്നും പിടികൂടിയത്. പ്രതികളിൽനിന്നും തോക്കും തിരകളും പത്തോളം കത്തികളും കണ്ടെടുത്തു.
കേസിൽ ഇനിയും വേട്ടക്കായി പോയവരും കാട്ടിറച്ചി വിൽപനയിൽ ഏർപ്പെട്ടവരുമായ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്. കെ. രാമൻ അറിയിച്ചു.
അനേഷണ സംഘത്തിൽ ഇരുളം പുൽപള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അബ്ദുൽ ഗഫൂർ, എ. നിജേഷ് എന്നിവരും ഒ. രാജു, പ്രബീഷ്, പി.എസ്. ശ്രീജിത്, വിനീഷ് കുമാർ, അനന്തു, അരുൺ, കുമാരൻ, സതീഷ്, രാജീവൻ തുടങ്ങിയ വനപാലകരും കർണാടക വനപാലകരുമുണ്ടായിരുന്നു.


