വെട്ടൂരിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേർകൂടി പിടിയിൽ
text_fieldsഅറസ്റ്റിലായ ജാസിം, ഹായിസ്, നൂഹു, സെയ്ദലി
വർക്കല: വെട്ടൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിലെ നാലു പേർ കൂടി പിടിയിലായി. ഒന്നാം പ്രതി മേൽവെട്ടൂർ ആശാൻമുക്ക് നൂറാ മൻസിലിൽ ജാസ്സിം (24), രണ്ടാം പ്രതിയായ താഴെവെട്ടൂർ ചിലക്കൂർ പള്ളിക്ക് സമീപം പുതിയവിള വീട്ടിൽ ഹായിസ് (25), മൂന്നാം പ്രതിയായ മേൽവെട്ടൂർ ആശാൻമുക്കിന് സമീപം ജെസീറ മൻസിലിൽ നൂഹ് (23),താഴെ വെട്ടൂർ കനാൽ പുറമ്പോക്ക് കാട്ടുവിള വീട്ടിൽ സെയ്ദലി (30)എന്നിവരാണ് ശനിയാഴ്ച തമ്പാനൂരിൽ പിടിയിലായത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് വലവിരിച്ചിരുന്നു. ബസ്സിലും ബൈക്കിലും വാടകയ്ക്കെടുത്ത കാറിലുമായി പ്രതികൾ നാലുപേരും പലയിടങ്ങളിലായി കറങ്ങി വരവെയാണ് പിടിയിലായത്.
കേസിലെ അഞ്ചാം പ്രതിയായ ഹാഷിറിനെ സംഭവസമയംതന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ശനിയാഴ്ച പിടികൂടിയ നാല് പ്രതികളെയും വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം കോടതി റിമാൻഡ് ചെയ്തു. ഇവരെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.
പരസ്യ മദ്യപാനവും ലഹരി ഉപയോഗവും പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവാക്കൾ സംഘം ചേർന്ന് ഇക്കഴിഞ്ഞ 25 ന് രാത്രി എട്ടരയോടെയാണ് വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിക്ക് സമീപം വെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാനെ (65) വെട്ടി കൊലപ്പെടുത്തിയത്.
പള്ളി പരിസരത്ത് യുവാക്കളുടെ മദ്യപാനത്തെകുറിച്ച് ദിവസങ്ങൾക്ക് മുമ്പ് പള്ളിയിൽ ചർച്ച ചെയ്യുകയും തുടർന്ന് ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മാത്രമല്ല പള്ളിക്ക് സമീപം സ്വകാര്യ വസ്തുവിൽ ഷെഡ് കെട്ടി യുവാക്കൾ മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കണ്ട ഷാജഹാൻ വിവരം വർക്കല പൊലീസിൽ അറിയിക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതരായാണ് അക്രമി സംഘം, രാത്രി നമസ്കാരം കഴിഞ്ഞ് സുഹൃത്തും അയൽവാസിയുമായ റഹ്മാന്റെ സ്കൂട്ടിയിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടി തടഞ്ഞ് നിറുത്തി ഷാജഹാനെ ആക്രമിച്ചത്.