അമ്പു തിരുനാളിനിടെ യുവാക്കളെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsകയ്പമംഗലം: ചളിങ്ങാട് പള്ളിനടയിൽ അമ്പു തിരുനാളിനിടെ യുവാക്കളെ മർദിച്ച കേസിൽ നാലു പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശികളായ പഴൂപറമ്പിൽ അർജുൻ (27), കല്ലയിൽ സൗരവ്, ചെന്ത്രാപ്പിന്നി സ്വദേശികളായ കൊട്ടുക്കൽ ആദിത്ത് കൃഷ്ണ (21), മുക്കാപ്പിള്ളി വിഷ്ണു (22) എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസും ജില്ല ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ചളിങ്ങാട് സ്വദേശികളായ സമർ, ഫൈസൽ എന്നിവരെ ഇവർ സംഘം ചേർന്ന് മർദിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ കെ.എസ്. സൂരജ്, ജെയ്സൺ, സി.പി.ഒമാരായ ടി.എസ്. സൂരജ്, എം. പ്രവീൺ, അനന്തു മോൻ, ഡാൻസാഫ് ടീമംഗങ്ങളായ പ്രദീപ്, ലിജു ഇയ്യാനി ബിജു, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.