നാല് വിവാഹങ്ങൾ, മൂന്ന് മരണങ്ങൾ; 40 കോടിയുടെ ഇൻഷുറൻസ്, മാതാപിതാക്കളും ഭാര്യയും വരെ ഇരകൾ, ഒടുവിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റിൽ യുവാവ് പിടിയിൽ
text_fieldsവിശാൽ കുമാറിനെയും സുഹൃത്ത് സതിഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
ന്യൂഡൽഹി: മീററ്റിലെ ആ വീട്ടിൽ തുടരെയാണ് ദുരന്തങ്ങളുണ്ടായത്. അതും ഒന്നിന് പിന്നാലെ ഒന്നായി റോഡപകടങ്ങൾ. പ്രിയപ്പെട്ടവരുടെ ഓരോരുത്തരുടെയും നിർജീവമായ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന വിശാൽ കുമാർ (35) നാടിന്റെ നൊമ്പരക്കാഴ്ചയായി.
വർഷങ്ങൾക്കിപ്പുറം ഇൻഷുറൻസ് ഏജന്റിന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് കഥയിലുണ്ടായത്. പൊലീസ് അന്വേഷണത്തിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാപിതാക്കളെയും ഭാര്യയെയും യുവാവ് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ മനസുമരവിപ്പിക്കുന്ന വിവരങ്ങളാണ് പിന്നാലെ പുറത്തുവന്നത്.
ഇൻഷുറൻസ് ക്ളെയിമുമായി ബന്ധപ്പെട്ട് വിശാൽ നൽകിയ രേഖകളിൽ സംശയം തോന്നിയ ഏജന്റ് സഞ്ജീവ് കുമാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാവിനെയും പിതാവിനെയും ഭാര്യയെയും ഇയാൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
മീററ്റ് സ്വദേശിയായ വിശാൽ കുമാറിനെയും സുഹൃത്ത് സതിഷ് കുമാറിനെയും ഇൻഷുറൻസ് തട്ടിപ്പിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 29ന് ഹാപർ നഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം അപകടത്തിൽ മരണമടഞ്ഞ വിശാലിന്റെ പിതാവ് മുകേഷ് സിംഗാളിന്റെ (55) പേരിൽ വിവിധ കമ്പനികളിലായി 60 ആക്സിഡന്റ് ഇൻഷൂറൻസ് പോളിസികളാണ് ഉണ്ടായിരുന്നത്. 39 കോടിയായിരുന്നു ഇവയുടെ ആകെ മൂല്യം. ഇവ എല്ലാം പിതാവിന്റെ മരണത്തിന് രണ്ടുവർഷം മുമ്പാണ് എടുത്തിരുന്നത്.
അറസ്റ്റിലാകുന്ന സമയം ഒരുകോടിയോളം ഇൻഷുറൻസ് തുക പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശാലിന് ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നടുക്കുന്ന കൊലപാതകങ്ങൾ
വിശാലിന്റെ പിതാവായ മുകേഷ് മീററ്റിലെ ഗംഗാനഗറിൽ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു. രണ്ടുവർഷത്തിന് മുമ്പാണ് മുകേഷിന്റെ പേരിൽ അപകട മരണ ഇൻഷുറൻസ് പോളിസികൾ എടുത്തത്. വാർഷിക വരുമാനം 12-15 ലക്ഷം കാണിച്ചിരുന്ന മുകേഷിൻറെ പേരിൽ 39 കോടി രൂപയുടെ 60 പോളിസികളാണ് ഇത്തരത്തിൽ എടുക്കപ്പെട്ടത്.
ഗരമുക്തേശ്വറിൽ നിന്നും മീററ്റിലേക്ക് മടങ്ങി വരുന്ന വഴി 2024 മാർച്ച് 27ന് പകൽ മുകേഷ് റോഡപകടത്തിൽ പെട്ടുവെന്നാണ് വിശാൽ അവകാശപ്പെട്ടിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തെ ആശുപത്രിയിലും തുടർന്ന് അത്യാസന്ന നിലയിൽ മീററ്റിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും വിശാൽ ഏജൻസികളെയും കുടുംബാംഗങ്ങളെയും അറിയിച്ചു.
അതേസമയം, യുവാവിന്റെ വാദങ്ങൾക്ക് കടഖവിരുദ്ധമായിരുന്നു ആശുപത്രി രേഖകൾ. അപകട സമാനമായ പരിക്കുകളുമായി മുകേഷ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മാർച്ച് 27 രാത്രിയാണെന്നായിരുന്നു ആശുപത്രി രേഖകളിൽ ഉണ്ടായിരുന്നത്. പിതാവിന് അപകടത്തിൽ ഏറ്റ പരിക്കിനെ കുറിച്ച്‍ വിശാലിന്റെ മൊഴികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
ക്ളെയിം അപേക്ഷ നൽകിയെങ്കിലും കമ്പനിയുടെ അന്വേഷണവുമായി സഹകരിക്കാൻ വിശാൽ വിസമ്മതിക്കുകയായിരുന്നുവെന്ന് ഇൻഷുറൻസ് കമ്പനി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ വിശദാംശങ്ങൾ തേടിയ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥന് ഇയാൾ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും സാക്ഷികൾക്ക് പണം നൽകി അനുകൂലമൊഴി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ഏജന്റ് സഞ്ജീവ് കുമാർ പൊലീസിന് നൽകിയ പരാതിയിലുണ്ട്.
ഇൻഷുറൻസ് ക്ളെയിമുകൾക്ക് ഒപ്പം ഹാജരാക്കിയ വിശാലിന്റെ പാൻകാർഡും ആധാറുമടക്കം രേഖകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ക്ളെയിം അപേക്ഷകളിൽ അപകടത്തിൽ പെട്ട വണ്ടിയുടെ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല.
ഇൻഷുറൻസ് ഏജന്റിൻറെ പരാതിക്ക് പിന്നാലെ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.
വിശാലിൻറെ അമ്മ, പ്രഭാദേവിയും അപകടത്തിലാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വിശാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ 2017 ജൂൺ 21 ഒന്നിനാണ് ഹാപറിലെ പിൽഖുവയിൽ വെച്ച് പ്രഭാദേവി അപകടത്തിൽ പെടുന്നത്. അപകടത്തെ തുടർന്ന്, സമീപത്തെ സരസ്വതി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട പ്രഭാവതി മരണപ്പെടുകയായിരുന്നു. ഇവരുടെ മരണത്തിന് പിന്നാലെ, ഇൻഷുറൻസ് തുകയായി 80 ലക്ഷം രൂപ വിശാലിന് ലഭിച്ചു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വിശാലിന്റെ ഭാര്യയും സമാനമായി റോഡപകടത്തിൽ മരിച്ചിരുന്നു. അന്ന് 30 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി വിശാലിന് ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഭാര്യയുടെ മരണത്തിന് പിന്നാലെ, ഇയാൾ വീണ്ടും നാലുതവണ വിവാഹിതനായിരുന്നു. ഈ യുവതികളെ സംബന്ധിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെ, വൻതുക തന്റെ പേരിൽ അപകട ഇൻഷുറൻസ് എടുത്തതായി കണ്ടെത്തിയ നാലാമത്തെ ഭാര്യ ശ്രേയ (28) അപകടം മണത്ത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിശാൽ ചെകുത്താനാണെന്നും അയാൾക്കൊപ്പം ജീവിക്കാനാവില്ലെന്നും അലറിക്കരഞ്ഞ് യുവതി തെരുവിലൂടെ ഇറങ്ങി ഓടിയെന്നും നാട്ടുകാരുടെ മൊഴിയിലുണ്ട്.
സംഭവങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഹാപർ അഡിഷണനൽ സൂപ്രണ്ട് ഓഫ് പൊലീസ് വിനീത് ഭട്നഗർ പറഞ്ഞു. ഇയാളും സുഹൃത്തും ചേർന്ന് ഏതുതരത്തിലാണ് ആളുകളെ അപകടത്തിൽ പെടുത്തിയതെന്നതടക്കം വിശദാംശങ്ങൾ ഇനിയും ലഭ്യമാവേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.