മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പിതാവും മകനും അറസ്റ്റിൽ
text_fieldsകാട്ടാക്കട: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പിതാവും മകനും അറസ്റ്റിൽ.
തൂങ്ങാംപാറ മുഹമ്മദ് ജാസിം മൻസിൽ നാസര്‍, മകൻ മുഹമ്മദ് ജാസിമി എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചിയൂർക്കോണം ചെട്ടിക്കോണം വടക്കേപ്പാലം പുത്തൻ വീട്ടിൽ രതീഷ് കുമാർ, ഭാര്യ ദിവ്യാമോൾ എന്നിവർക്ക് മെഡിക്കൽ കോളജിൽ അറ്റൻഡറായി ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ ഇരുവരും കൈപ്പറ്റി. വീരണകാവ് മഞ്ചംകുഴി മേക്കുകര വീട്ടിൽ ബാബുരാജിന് പ്യൂണായി ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 4.5 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചു.
ഇവർ നൽകിയ പരാതിയിലാണ് കാട്ടാക്കട ഇൻസ്പെക്ടർ മൃദുൽ കുമാർ, എസ്.ഐ മനോജ്, എ.എസ്.ഐ അജയൻ, സി.പി.ഒമാരായ മെർലിൻ, ബാദുഷാമോൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ തമ്പാനൂരിൽനിന്ന് പിടികൂടിയത്.
പ്രതികൾ സമാന രീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഇരുവരെയും ബുധനാഴ്ച കാട്ടാക്കട കോടതിയിൽ ഹാജരാക്കും.