സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമം
text_fieldsവടുതല: സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കവെ യുവാവിന്റെ സമയോചിത ഇടപെടൽ രക്ഷയായി. കഴിഞ്ഞ ദിവസം വടുതല ജങ്ഷനിലെ ഒരു വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. സൈനിക ക്യാമ്പിലേക്ക് ഒരു ചാക്ക് അരി ആവശ്യപ്പെട്ട് ഫോൺ വിളിക്കുകയായിരുന്നു. അരി ചാക്ക് ഇല്ലായെന്ന് പറഞ്ഞപ്പോൾ 20 കിലോ ആവശ്യപ്പെടുകയും പണം ഫോണിലേക്ക് ഗൂഗിൾപേ ഇട്ടതിന് ശേഷം വണ്ടി അയക്കാമെന്ന് പറയുകയും ചെയ്തു. നമ്പർ ഉറപ്പിക്കാൻ ഒരു രൂപ അയക്കുകയും സ്ക്രീൻ ഷോട്ട് അയച്ച് കൊടുക്കുകയും ചെയ്തു.
അരിയുടെ വില 1200 ന് പകരം അറിയാതെ 12000/- അയച്ച് പോയെന്നും ബാക്കി തുക അയച്ച് കൊടുക്കണമെന്ന് പറയുകയും സ്ക്രീൻ ഷോട്ട് അയക്കുകയും ചെയ്തു. അത് പരിശോധിച്ചപ്പോഴാണ് കൃതൃമമായി ഉണ്ടാക്കിയ മെസേജാണെന്ന് മനസ്സിലായത്. വീണ്ടും വിളിച്ചപ്പോൾ തട്ടിപ്പ് മനസ്സിലായി എന്നറിഞ്ഞ് ഫോൺ കട്ടാക്കി. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രമാണ് പ്രൊഫൈൽ ചിത്രമായി കൊടുത്തിരിക്കുന്നത്. ഹിന്ദിയിലും മനസ്സിലാകാൻ വേണ്ടി മുറി മലയാളത്തിലുമൊക്കെയായിരുന്നു സംസാരം. സൈബർ സെല്ലിൽ പരാതി നൽകി.