കണിയാപുരത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ അക്രമണം: ജീവനക്കാരന് വെട്ടേറ്റു
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരത്തെ പെട്രോൾ പമ്പിലാണ് ബൈക്കിലെത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ പെട്രോൾ പമ്പിലെ ജീവനക്കാരന് വെട്ടേറ്റു. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷ് (19) നാണ് വെട്ടേറ്റത്. മഴുകൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കൈയ്യിലും വെട്ടേറ്റ അജീഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണിയാപുരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നിഫി ഫ്യൂവൽസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. പെട്രോൾ നിറക്കാൻ താമസിച്ചു എന്ന കാരണം പറഞ്ഞാണ് സംഘം അജീഷിനെ ആക്രമിച്ചത്. ഗുണ്ടാപശ്ചാത്തലമുള്ള രണ്ടു പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അജീഷ് മംഗലാപുരം പൊലീസിന് മൊഴി നൽകി.
ആക്രമണം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ പെട്രോളടിക്കാനായി പമ്പിലുണ്ടായിരുന്നു. ക്യൂവിൽ നിൽക്കാൻ പമ്പ് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്നാണ് ബൈക്കിൽ പിന്നിലിരുന്നയാൾ ചാടിയിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ കൈയിൽ കരുതിയിരുന്ന മഴു കൊണ്ട് വെട്ടിയത്. എന്നാൽ അജീഷും പ്രതികളും തമ്മിൽ നേരത്തെ പരിചയമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. മംഗലാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും മംഗലാപുരം പൊലീസ് അറിയിച്ചു.