ഒന്നാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: മധ്യപ്രദേശിൽ സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ ടിക്കംഗഢ് ജില്ലയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ജില്ലയിലെ പലേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പെൺകുട്ടിയോട് അധ്യാപകൻ മോശമായി പെരുമാറുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും പലേര പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടുകയും പ്രതിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ പോക്‌സോ (POCSO) നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) പ്രസക്തമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടയച്ചതായി ടിക്കംഗഢ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എ.എസ്.പി) വിക്രം സിങ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.


