വൈദികനിൽനിന്ന് 11 ലക്ഷം തട്ടിയ ഗുജറാത്ത് സ്വദേശി പിടിയിൽ
text_fieldsമൻദീപ് സിങ്
കടുത്തുരുത്തി: വെര്‍ച്വല്‍ അറസ്റ്റിലൂടെ വയോധികനായ വൈദികനിൽനിന്ന് 11 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ ഉദ്യോഗസ്ഥന് ചമഞ്ഞു വൈദികന്റെ പണംതട്ടിയ ഗുജറാത്ത് വഡോദര സ്വദേശി മൻദീപ് സിങിനെയാണ് കടുത്തുരുത്തി എസ്.എച്ച്.ഒ റെനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി ധരിപ്പിച്ച് വ്യാജരേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് വൈദികനെ കുടുക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് 11 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു. പിറ്റേന്നു വീണ്ടും ഫോണില്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന് പൊലീസിൽ പരാതി നൽകി.
ജില്ല പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം കേസ് അന്വേഷിക്കുന്നതിനു പ്രത്യേകസംഘം രുപവത്കരിച്ചു. വഡോദരയിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിലാണ് പണം മാറ്റിയത്. ഈ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 11 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി. പ്രതിയെ ഗുജറാത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.