‘ഗുണഭോക്താക്ക’ളിൽ പൊലീസും; ഐ.ജിയുടെ നേതൃത്വത്തിൽ പാതിവിലക്ക് തയ്യൽ മെഷീൻ വാങ്ങിയത് വിവാദത്തിൽ
text_fieldsഅനന്തുകൃഷ്ണനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു
കോഴിക്കോട്: കോടികളുടെ തട്ടിപ്പു നടത്തിയ അനന്തുകൃഷ്ണനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടശേഷവും പൊലീസ് സഹായ സംഘത്തിനുവേണ്ടി ഇയാളിൽനിന്ന് പാതിവിലക്ക് സാധനം വാങ്ങി. ഉത്തരമേഖല മുൻ ഐ.ജി സേതുരാമനാണ് അനന്തു കൃഷ്ണന്റെ അപ്പാരൽ ക്ലസ്റ്ററിലൂടെ കോഴിക്കോട് എ.ആർ ക്യാമ്പിലെ പൊലീസ് സഹായ സംഘമായ ക്ഷേമനികേതനുവേണ്ടി അഞ്ചു തയ്യൽ മെഷീൻ പാതിവിലക്ക് വാങ്ങിയത്.
2024 ഒക്ടോബർ പാതിയോടെയാണ് അനന്തു കൃഷ്ണനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഒക്ടോബർ 30നാണ് ക്ഷേമനികേതന് അഞ്ചു തയ്യൽ മെഷീൻ വിതരണം ചെയ്തത്. വിതരണം ഉദ്ഘാടനം ചെയ്തത് ഐ.ജി സേതുരാമൻ. തയ്യൽ മെഷീൻ ലഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും അവ എ.ആർ ക്യാമ്പിൽ ഉപയോഗിക്കാതെ കിടക്കുകയാണ്. പാതിവില മുൻകൂറായി നൽകി ഏറെ ദിവസം കഴിഞ്ഞിട്ടും മെഷിൻ ലഭിക്കാത്തത് ജീവനക്കാർക്കിടയിൽ ചർച്ചയായിരുന്നു. കേരളത്തിലെ 170ലധികം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ (എൻ.എൻ.ജി.ഒ.സി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അപ്പാരൽ ക്ലസ്റ്ററുകളിൽ ആദ്യ ക്ലസ്റ്ററിന്റെ ഉദ്ഘാടനമെന്ന നിലക്കാണ് ക്ഷേമനികേതന് തയ്യൽ മെഷീൻ നൽകുന്നതെന്ന് അനന്തുകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഐ.ജി സേതുരാമന് പുറമെ എൻ.എൻ.ജി.ഒ.സി ആക്ടിങ് ചെയർപേഴ്സൻ ഡോ. ബീന സെബാസ്റ്റ്യൻ, അനന്തുകൃഷ്ണൻ, എൻ.എൻ.ജി.ഒ.സി ഡയറക്ടർ ബോർഡ് അംഗം ബേബി കിഴക്കേഭാഗം, എൻ.എൻ.ജി.ഒ.സി കോഴിക്കോട് റീജനൽ ഹെഡ് മോഹനൻ കോട്ടൂർ എന്നിവർ പങ്കെടുക്കുമെന്ന് വിവരിച്ചിരുന്നു.
പൊലീസുകാരുടെ ഭാര്യമാർക്ക് വരുമാനമാർഗം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ക്ഷേമമനികേതന്റെ പ്രവർത്തനം ഇടക്കാലത്ത് നിലച്ചിരുന്നു. ക്ഷേമനികേതന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ മേധാവിയെന്ന നിലക്ക് ക്യാമ്പിലെ ബന്ധപ്പെട്ടവർ ഐ.ജി സേതുരാമനെ സമീപിക്കുകയായിരുന്നു.
ക്യാമ്പ് സന്ദർശിച്ച സേതുരാമനാണ് തയ്യൽ മെഷീൻ പാതിവിലക്ക് ലഭിക്കുന്ന വിവരം അറിയിച്ചതെന്നാണ് സൂചന. ഇതിനു നേതൃത്വം വഹിച്ചതും ഏറ്റുവാങ്ങിയതും സംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.