വനിത ഡോക്ടറുടെ പീഡന പരാതി; ഒളിവിലിരുന്ന സുഹൃത്ത് വിമാനത്താവളത്തിൽ പിടിയിൽ
text_fieldsകണ്ണനല്ലൂർ: വനിത ഡോക്ടറുടെ പീഡനപരാതിയിൽ ഒളിവിലായിരുന്ന സുഹൃത്ത് വിമാനത്താവളത്തിൽ അറസ്റ്റിലായി. തിരുവനന്തപുരം വള്ളക്കടവ് പോസ്റ്റ് ഓഫിസ് ലെയിനിൽ പങ്കജിൽ സുജിത് ഭാസ്കരനെ(41)യാണ് കണ്ണനല്ലൂർ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. സുജിത്തിന്റെ ഭാര്യയെ വെടിെവച്ച കേസിലെ പ്രതിയായ വനിത ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ ഏറെ നാളായി മാലദ്വീപിലെ ആശുപത്രിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരുകയാണ്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തവെയാണ് പിടിയിലായത്. ലൈംഗികപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികമായി അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കണ്ണനല്ലൂർ പൊലീസ് കേസെടുത്തത്.
ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തിങ്കളാഴ്ച മാലദ്വീപിൽ നിന്ന് എത്തിയ സുജിത്തിനെ ഇൻസ്പെക്ടർ പി. രാജേഷ്, എസ്.ഐ രാജേന്ദ്രൻപിള്ള, സി.പി.ഒമാരായ പ്രമോദ്, ഷാനവാസ് എന്നിവടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും പ്രതിയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് മുറിഞ്ഞു.
അതിനിടെ സുജിത്ത് മാലദ്വീപിൽ മറ്റൊരു ജോലിക്കായി പോയി. പിന്നീട് ഇരുവരും തമ്മിൽ ഫോൺ വഴിയുള്ള ബന്ധം കുറഞ്ഞു.
അകൽച്ചക്ക് കാരണം സുജിത്തിന്റെ ഭാര്യയാണെന്ന വൈരാഗ്യത്താൽ കഴിഞ്ഞവർഷം പരാതിക്കാരി തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടിലെത്തി പ്രതിയുടെ ഭാര്യയെ വെടിവച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കൊറിയർ നൽകാനെന്ന വ്യാജേനയാണ് ഇവർ വീട്ടിലെത്തി വെടിവെച്ചത്. കാറിൽ വ്യാജനമ്പർ പതിപ്പിച്ച് മുഖം മറച്ചാണ് എത്തിയത്. കൈവശം കരുതിയിരുന്ന എയർ പിസ്റ്റൾ കൊണ്ട് പല തവണ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിനിടെ പെല്ലറ്റ് തറച്ച് സുജിത്തിന്റെ ഭാര്യയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. ഏതാനും ദിവസത്തിന് ശേഷം വനിത ഡോക്ടറെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ െവച്ച് പൊലീസ് പിടികൂടി. പിടിയിലായതിന് ശേഷമാണ് ഇവർ സുജിത് ഭാസ്കരനെതിരെ പരാതി നൽകിയത്.