മുള്ളൻപന്നിയെ കൊന്ന് കടത്തി: പ്രതികൾക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും
text_fieldsകാഞ്ഞങ്ങാട്: മുള്ളൻപന്നിയെ കുരുക്കുവെച്ച് കൊലപ്പെടുത്തി ഓട്ടോയിൽ കടത്താൻശ്രമിച്ച കുറ്റത്തിന് രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപയും പിഴയും ശിക്ഷ വിധിച്ച് കോടതി. മരുതംകുളത്തെ മണക്കാട് ജിപ്സൺ ആൻറണി 43, മരുതംകുളം രാരീരം കെ. ബിനു 33 എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ശിക്ഷിച്ചത്.
കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോംകുളത്തുനിന്ന് 2018 ഒക്ടോബർ ആറിന് മുള്ളൻപന്നിയെ കുരുക്കുവെച്ച് കൊന്ന് ഓട്ടോയിൽ കൊണ്ടുപോകുന്നവഴി ഇരുവരെയും മരുതോം സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ലോഹിതാക്ഷന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മനുകൃഷ്ണനെ കോടതി വെറുതെ വിട്ടു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയാറാക്കിയാണ് വിചാരണ നടത്തിയത്.


