ഗുണ്ട കുടിപ്പകയിൽ ഒരു ജീവൻ കൂടി
text_fieldsജോയിയെ വെട്ടിയ സ്ഥലവും തകർത്ത ഓട്ടോയും
ശ്രീകാര്യം: ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് വെട്ടുകത്തി ജോയി എന്ന ജോയിയുടെ (41) ജീവനെടുത്തത്. ചെറിയ വാക്കുതർക്കത്തിനിടയിൽ പോലും കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് എതിരാളിയെ വെട്ടുന്നതാണ് ജോയിയുടെ രീതി. എപ്പോഴും വെട്ടുകത്തി കൊണ്ടുനടക്കുന്നതിനാണ് വെട്ടുകത്തിജോയ് എന്ന പേര് കിട്ടിയത്.
ആറു മാസത്തിന് മുമ്പ് പോത്തൻകോട് പ്ലാമൂട് പെട്രോൾ പമ്പിന് സമീപം ഈ കേസിലെ പ്രതികൾ എന്ന് സംശയിക്കുന്നവരെ ജോയ് വെട്ടിയിരുന്നു. ആ കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് കാപ്പ നിയമപ്രകാരം ജയിലിൽ ആയത്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ജോയ് ഓട്ടോ ഓടിക്കാൻ തുടങ്ങി. മൂന്നുദിവസം മുമ്പ് വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്തിനു മുമ്പാകെ ജോയ് ഹാജരായി. കുടുംബത്തെയും കുട്ടികളെയും നോക്കി മാന്യമായി ജീവിക്കുമെന്നും ഇനി ഒരു പ്രശ്നത്തിനും പോകില്ലെന്നും പൊലീസിനോട് ജോയ് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും പറഞ്ഞു. ഇപ്പോൾ കൊലപാതകത്തിൽ സംശയിക്കുന്ന പ്രതികളുടെ പേര് പറഞ്ഞ് ഇവരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ജോയ് പോലീസിനോട് പറഞ്ഞു.
നല്ല നടപ്പിന് ജീവിക്കുന്നതിന്റെ ഭാഗമായാണ് ജോയി പൗഡിക്കോണം വിഷ്ണു നഗറിൽ വീട് വാടകക്കെടുത്ത് താമസമായത്. ജോയിയുടെ ജീവന് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്നു പേരടങ്ങുന്ന സംഘമാണ് ഓട്ടോ ഓടിച്ചു വന്ന ജോയി ചായ കുടിക്കാനായി നിർത്തിയ സമയത്ത് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിലെ റൂറൽ കേന്ദ്രീകരിച്ച് ഗുണ്ടകൾ തമ്പടിക്കുന്നതിന്റെ തെളിവായാണ് ഈ കൊലപാതകത്തെ പോലീസ് കാണുന്നത്.