ചാമുണ്ഡി ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; രാത്രി മാതാവിനൊപ്പം ഉറങ്ങി; രാവിലെ മൃതദേഹം കണ്ടെത്തി
text_fieldsബംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ 'തെപ്പോത്സവ'ത്തിൽ ബലൂണുകൾ വിറ്റ് ക്ഷീണിച്ച് രാത്രി മാതാവിനൊപ്പം ടെന്റിൽ ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. കർണാടക കലബുറുഗി സ്വദേശിനിയായ പത്തു വയസുകാരി കിടന്നുറങ്ങിയ ടെന്റിൽ നിന്ന് 50 മീറ്റർ അകലെ ചെളിക്കൂനക്കരികിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
മൈസൂരു ദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കൾക്കൊപ്പം താൽക്കാലിക ടെന്റിൽ താമസിച്ചിരുന്ന പെൺകുട്ടി മേളയിൽ സന്ദർശകർക്ക് ബലൂണുകൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; "ബുധനാഴ്ച രാത്രി ചാമുണ്ഡി കുന്നുകളിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ 'തെപ്പോത്സവ'ത്തിന് പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോയിരുന്നു. തിരിച്ചെത്തിയ ശേഷം അവൾ അമ്മയുടെ അരികിൽ ടെന്റിൽ ഉറങ്ങി. പിറ്റേന്ന് രാവിലെ അവളെ കാണാതായി.
ടെന്റിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ഒരു ചെളിക്കൂനക്ക് സമീപം അവളുടെ കുടുംബം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമവും തുടർന്ന് കൊലപാതകവും നടന്നതായി സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു". പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.