പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; ഇതര സംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കായംകുളം: നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഇതര സംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ ഫൈസൽ ( 29), അക്ഷയ് കുമാർ (19) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കെ.പി.എ.സിക്ക് സമീപം അജീഷ് നിവാസിൽ 27 ന് പകലായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ താഴും പ്രധാന വാതിലിന്റെ പൂട്ടും തകർത്ത് കിടപ്പുമുറിയിലെ കബോഡിൽ സൂക്ഷിച്ചിരുന്ന 6,000 രൂപയാണ് കവർന്നത്. മോഷണം നടന്ന വീടിന്റെ സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ജംഗ്ഷനിൽ നിന്നും ഇവർ കയറിയ ഓട്ടോ ഡ്രൈവറുടെ മൊഴിയും സഹായകമായി.
മൈനാഗപ്പള്ളിയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ഇവരുടെ കൈയിലുള്ള ബാഗിൽ നിന്നും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും 4,000 രൂപയും കണ്ടെടുത്തു. ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, ശരത്, പൊലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിന്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്.