വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവനും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതി വിനിത
പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപെടുത്തി എട്ട് പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനിത (36) യാണ് അറസ്റ്റിലായത്.
യുവ വക്കീൽ ഗുമസ്തനുമായുള്ള വ്യവഹാര പരിചയ അടുപ്പം മുതലെടുത്തും തുടർന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവിൽ ഇവർ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭർത്താവ് രാഗേഷിന് നോട്ടീസ് നൽകിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സമാനസംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങളുടെ നെറ്റ് വർക്ക് വ്യാപകമാണന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.
പരപ്പനങ്ങാടി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേരി ജയിലിലേക്ക് പ്രതിയെ മാറ്റി. അന്വേഷണ സംഘത്തിൽ എസ്.ഐ റീന, എസ്.ഐ വിജയൻ, സി.പി.ഒ പ്രജോഷ് എസ്.സി.പി.ഒ മഹേഷ് എന്നിവർ പങ്കാളികളായി.