വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
text_fieldsപത്മാവതി അമ്മ, ലിനീഷ്
പേരാമ്പ്ര: കൂത്താളിയിൽ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മകൻ അറസ്റ്റിൽ. കൂത്താളി തൈപ്പറമ്പിൽ ലിനീഷ് (47) ആണ് അറസ്റ്റിലായത്. മാതാവ് പത്മാവതി അമ്മയെ (65) രണ്ട് ദിവസം മുമ്പ് പരിക്കേറ്റ നിലയിൽ അയൽവാസികൾ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
അമ്മക്ക് വീട്ടിൽ വീണ് തലക്ക് പരിക്കുപറ്റിയെന്നാണ് ലിനീഷ് അയൽവാസികളെ അറിയിച്ചത്. പത്മാവതി അമ്മയുടെ പരിക്കുകളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പേരാമ്പ്രയിലെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് അമ്മയെ നിരന്തരം ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
സംസ്കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യംചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. തലക്ക് പിറകിൽ ഏറ്റ മാരകമായ പരിക്കാണ് മരണ കാരണം. പേരാമ്പ്ര ഡിവൈ.എസ്.പി എൻ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി. ജംഷിദ്, എസ്.ഐമാരായ കെ. ജിതിൻ വാസ്, പി. പ്രദീപ്, പി. അരുൺ ഘോഷ്, എൻ.പി. സുജില എന്നിവരാണ് കേസ് അന്വേഷിച്ചത്. വീട്ടിലും സമീപ പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.