Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗാർഹികപീഡന പരാതികളിൽ...

ഗാർഹികപീഡന പരാതികളിൽ വൻ വർധന

text_fields
bookmark_border
ഗാർഹികപീഡന  പരാതികളിൽ വൻ വർധന
cancel

തൊടുപുഴ: മൂന്ന് വർഷത്തിനിടെ ജില്ലയിൽ ഗാർഹികപീഡന പരാതികളിൽ വർധന. കുടുംബശ്രീയുടെ കീഴിലുളള സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴി രേഖപ്പെടുത്തുന്ന പരാതികളിലാണ് വർധനവുണ്ടായത്. ഇക്കാലയളവിൽ ‘സ്നേഹിത’യിൽ റിപ്പോർട്ട് ചെയ്ത 1224 പരാതികളിൽ പകുതിയിലേറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടാണ്. പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് ‘സ്നേഹിത‍’യിലൂടെ നടപ്പാക്കുന്നത്.

മൂന്ന് വർഷത്തിനിടെ കൂടുതൽ പരാതികൾ

ജില്ലയിൽ പോയവർഷം ഗാർഹികപീഡന പരാതികളിൽ വൻവർധനവാണുണ്ടായത്. കഴിഞ്ഞമൂന്ന് വർഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ രേഖപ്പെടുത്തിയതും പോയവർഷമാണ്. കഴിഞ്ഞവർഷം മാത്രം 227 പരാതികൾ ‘സ്നേഹിത’ വഴി മാത്രം റിപ്പോർട്ട് ചെയ്തു. തൊട്ടുമുമ്പത്തെ വർഷം ഇത് 141 ആയിരുന്നു. എന്നാൽ, 2023 ൽ 188 കേസുകൾ എത്തിയ സ്ഥാനത്ത് തൊട്ടടുത്തവർഷം നേരിയ കുറവ് രേഖപ്പെടുത്തി.

പോക്സോ കേസുകളും മേലോട്ട്

സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളിലും വർധനവുണ്ട്. പോയവർഷം പോക്സോ നിയമപ്രകാരമുളള ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻവർഷം ഒരുകേസും റിപ്പോർട്ട് ചെയ്യാതിരുന്ന സ്ഥാനത്താണിത്. 2023 ൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആളുകളിൽ നിയമപരമായ അറിവ് കൂടിവരുന്ന സാഹചര്യത്തിൽ പീഡനങ്ങൾക്കെതിരെ പരാതി നൽകാൻ കൂടുതൽ അതിജീവിതർ മുന്നോട്ട് വരുന്നതാണ് കേസുകളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

അതിജീവിതരുടെ കൈപിടിച്ച് ‘സ്നേഹിത’

നേരിട്ടും ഫോണിലൂടെയും പരാതികളുമായെത്തുന്ന അതിജീവിതർക്ക് ആശ്വാസമാകുകയാണ് സ്നേഹിത നെറ്റ്വർക്ക്. വിവിധ രീതിയിലുളള പീഡനങ്ങൾക്കിരയാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമ-വൈദ്യ സഹായങ്ങളോടൊപ്പം ഒരാഴ്ചവരെ സൗജന്യ താമസ, ഭക്ഷണ, കൗൺസലിങ് സഹായവും ജില്ല തലങ്ങളിലെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകളിൽ ലഭ്യമാണ്. ഇതോടൊപ്പം പുനരധിവാസ പദ്ധതികളും നടപ്പാക്കുന്നു. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇവിടെയുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിൽ ‘സ്നേഹിത’യിലെത്തിയത് 1224 പരാതികളാണ്. പോയ വർഷം 542 കേസുകളും 2024ൽ 323 കേസുകളും 2023 ൽ 356 പരാതികളും ഇത് വഴി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Show Full Article
TAGS:Latest News news Idukki News Domestic Violence 
News Summary - Huge increase in domestic violence complaints
Next Story