കവർച്ചക്കെന്ന് കരുതി; അന്വേഷണം എത്തിയത് നരബലിയിൽ
text_fieldsകൊച്ചി: 'കാണ്മാനില്ല' സംഭവത്തിലെന്ന പോലെ തുമ്പില്ലാതെ അവസാനിക്കുമായിരുന്ന കേസ് ഞെട്ടിക്കുന്ന വഴിത്തിരിവിലെത്തിച്ചത് കടവന്ത്ര പൊലീസിന്റെ ഇഴകീറിയ അന്വേഷണം. ഫോൺ വിളി വിവരങ്ങളും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച് നീങ്ങിയ അന്വേഷണം അവസാനം കേരളക്കരയെ ഞെട്ടിച്ച നരബലി എന്ന ദാരുണസംഭവം വെളിപ്പെടുത്തുന്നതായി.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ 'ട്വിസ്റ്റു'കളുടെ ഘോഷയാത്രയാണ് പൊലീസിന് നേരിടേണ്ടിവന്നത്. കാണാതായ പത്മയുടെ ദേഹത്തുണ്ടായിരുന്ന സ്വർണം കവരാൻ തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിലാണ് അന്വേഷണം ആരംഭിച്ചത്. സെപ്റ്റംബർ 26ന് പത്മയെ കാണാതായതിനെ തുടർന്നാണ് സഹോദരി പരാതി നൽകിയത്. പത്മ താമസിച്ചിരുന്ന കടവന്ത്ര എളംകുളത്തെ ഒറ്റമുറി വാടക വീട്ടിലെത്തി പരിശോധിച്ച പൊലീസ് 54,000ത്തോളം രൂപ കണ്ടെടുത്തു. ദേഹത്ത് എട്ട് പവനിലേറെ ഉണ്ടായിരുന്നുവെന്ന മൊഴിയെ തുടർന്നാണ് കവർച്ചയെന്ന രീതിയിൽ അന്വേഷണം ആരംഭിച്ചത്. പത്മയെ സഹോദരി അവസാനമായി ഫോൺ ചെയ്തത് കാണാതായ ദിവസമാണെന്ന് ബോധ്യമായി. എവിടെയോ പോകുന്നുവെന്ന് സഹോദരിയെ അറിയിച്ചെങ്കിലും എവിടേക്കെന്ന് പറഞ്ഞില്ല. അവസാനമായി സഹോദരി വിളിച്ചപ്പോൾ 'എത്തിയില്ല' എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് വിവരമൊന്നും ഉണ്ടായില്ല. ഫോൺ വിളി പരിശോധനയിൽ പത്തനംതിട്ട ആറന്മുള പരിസരത്താണ് ഫോണിന്റെ റേഞ്ച് കാണിച്ചത്. ഇതോടെ ഇവർ താമസിക്കുന്നിടത്തെയും സ്ഥിരമായി കാണാറുള്ള ഇടങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
എറണാകുളം ഷേണായീസ് പരിസരത്തുനിന്ന് സ്കോർപിയോ കാറിൽ കയറിപ്പോകുന്നത് കണ്ടതോടെ കാറുമായി ബന്ധപ്പെട്ടായി തിരച്ചിൽ. ഫോൺ വിളികളുടെ വിശദപരിശോധനയിൽ പത്മയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ പട്ടിക തയാറാക്കി അവരെ ചോദ്യം ചെയ്തു. പത്മയുമായി മാസങ്ങൾക്ക് മുമ്പേ ഫോണിൽ വിളിച്ചവരെപ്പോലും വിളിച്ചുവരുത്തി. ഇതിനിടെ സി.സി ടി.വിയിൽ കണ്ട കാറിന്റെ ഡ്രൈവറാണെന്ന നിഗമനത്തിൽ ബിലാൽ എന്നയാളെ വിളിച്ചുവരുത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തെങ്കിലും കുറ്റം നിഷേധിച്ച ബിലാൽ, ഷാഫിയെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറി. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ഷാഫിയിലേക്ക് അന്വേഷണം എത്തുന്നത് അങ്ങനെയാണ്. ഫോൺ കാൾ പരിശോധനയിൽ പത്മയുമായി ഷാഫി ബന്ധം പുലർത്താറുണ്ടായിരുന്നെന്നും പത്മയെ കാണാതായ ദിവസം ഷാഫിയുടെ ഫോൺ പരിധി ആറന്മുളയിലാണെന്നും വ്യക്തമായി. ഇതോടെയാണ് ഷാഫിയെ ചോദ്യം ചെയ്തത്.
ഞായറാഴ്ച മഫ്തിയിൽ എത്തിയാണ് ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്ത് എറണാകുളത്ത് കൊണ്ടുവന്നത്. സമീപവാസിയെ ഫോണിൽ ബന്ധപ്പെട്ടാണ് വിവരം ശേഖരിച്ചത്. തിങ്കളാഴ്ച ഷാഫിയെയും കസ്റ്റഡിയിലെടുത്ത് തിരുവല്ലയിലെത്തി ഭഗവൽ സിങ്, ലൈല ദമ്പതികളെ ചോദ്യം ചെയ്തു.
ഇതോടെയാണ് സംഭവം സ്ഥിരീകരിച്ചത്. റോസ്ലിനും മുമ്പ് ഇതേ രീതിയിൽ കൊല്ലപ്പെട്ടെന്ന് പ്രതികൾ സമ്മതിച്ചു. കാലടി പൊലീസ് റോസ്ലിനെ കാണാതായത് സംബന്ധിച്ച് അന്വേഷിച്ചെങ്കിലും തുമ്പില്ലാതെ അവസാനിപ്പിച്ചതാണ്.
പരമാവധി തെളിവ് ശേഖരിച്ച ശേഷമാണ് പ്രതികളിലേക്ക് അന്വേഷണ സംഘം എത്തിയത്. ഒട്ടേറെയിടങ്ങളിൽനിന്ന് സി.സി ടി.വി ദൃശ്യങ്ങളും മാസങ്ങൾക്ക് മുമ്പുള്ളതടക്കം ഫോൺ വിളി വിവരങ്ങളും ശേഖരിച്ചു. ഏറെ ശ്രമകരമായ അന്വേഷണം അവസാനം ഫലപ്രാപ്തിയിലെത്തുകയായിരുന്നു. പ്രതികളായ ദമ്പതികൾക്കും ഷാഫിക്കും പുറമെ ഇവരുമായി ബന്ധപ്പെട്ട ചിലർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്.