1.29 കോടിയുടെ രേഖകളില്ലാത്ത പണം പിടിച്ചു
text_fieldsപിടികൂടിയ പണം
അരീക്കോട്: കാറിൽ കടത്തുകയായിരുന്ന 1.29 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി മധ്യവയസ്കൻ അരീക്കോട് പൊലീസിന്റെ പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുൽ നാസർ (58) ആണ് കടുങ്ങല്ലൂർ ഹാജിയാർപ്പടിയിൽ പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.എച്ച്.ഒ വി. സിജിത്തിന്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പണം കടത്തുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പണം തുടർനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. അരീക്കോട് സബ് ഇൻസ്പെക്ടർ രാജശേഖരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിസിത്, ബിജു, സജീവ് എന്നിവരും മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.