കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
text_fieldsകൊല്ലപ്പെട്ട ഹിമാൻഷി ഖുറാന (ഇടത്), പ്രതിയെന്ന് സംശയിക്കുന്നയാൾ (വലത്)
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ മുപ്പതുകാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടൊറന്റോ സ്വദേശിയായ ഹിമാൻഷി ഖുറാന (30) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാൻഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്നയാൾക്കെതിരെ പൊലീസ് രാജ്യം മുഴുവൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 'കാനഡ വൈഡ് അറസ്റ്റ് വാറന്റ്' പുറപ്പെടുവിച്ചു.
ഡിസംബർ 19 വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഹിമാൻഷിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് സ്ട്രാചൻ അവന്യൂ, വെല്ലിങ്ടൺ സ്ട്രീറ്റ് വെസ്റ്റ് മേഖലകളിൽ പൊലീസ് രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ ശനിയാഴ്ച പുലർച്ചെ ആറരയോടെ വീടിനുള്ളിൽ ഹിമാൻഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഹിമാൻഷിയും പ്രതിയെന്ന് സംശയിക്കുന്നയാളും നേരത്തെ പരിചയമുള്ളവരാണെന്നും, ഇത് 'ഇന്റിമേറ്റ് പാർട്ണർ വയലൻസ്' (പങ്കാളിയിൽ നിന്നുള്ള അതിക്രമം) ആണെന്നും ടൊറന്റോ പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ (ആസൂത്രിതമായ കൊലപാതകം) കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വരെ ഇയാൾക്ക് ലഭിച്ചേക്കാം. കൊല്ലപ്പെട്ട ഹിമാൻഷി ഖുറാന ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ക്രിയേറ്ററാണെന്നാണ് ലഭിക്കുന്ന വിവരം.
ഹിമാൻഷിയുടെ മരണം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു. ഹിമാൻഷിയുടെ കുടുംബവുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. സംഭവത്തിൽ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 40-ാമത്തെ കൊലപാതകമാണിത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെയോ കുറ്റകൃത്യം തടയുന്ന വിഭാഗത്തെയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.


