കടകളിലും ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ അന്തർ ജില്ല മോഷ്ടാവ് പിടിയിൽ
text_fieldsജോഷിത്ത്
മാവൂർ: പൂവാട്ടുപറമ്പ് മുതൽ ചൂലൂർ വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവിൽ ഒരു രാത്രിയിൽ നിരവധി മോഷണങ്ങൾ നടത്തിയ യുവാവിനെ മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. മാളിക്കടവ് കരുവിശ്ശേരി മുണ്ട്യാടിത്താഴം സ്വദേശി ജോഷിത്ത് എന്ന കുട്ടൂസനാണ് (33) പിടിയിലായത്. ശനിയാഴ്ച പുലർച്ചെ എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാത്രി മുഖംമൂടിയും കൈയുറയും ധരിച്ച് ബൈക്കിൽ മോഷണത്തിനിറങ്ങുന്ന പ്രതി ആദ്യം കാണുന്ന അമ്പലത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷമാണ് മോഷണ പരമ്പര ആരംഭിക്കുക. നവംബർ എട്ടിന് രാത്രി മെഡിക്കൽ കോളജ് ഭാഗത്തെ ആലുമ്പിലാക്കൽ അമ്പലത്തിൽ കവർച്ച നടത്തിയ ശേഷം, പെരുവയൽ കട്ടയാട്ട് ക്ഷേത്രം, ചെറൂപ്പ കൂട്ടായി ബസാറിലെ അണിയത്ത് രാജീവിന്റെ ആർ.കെ ഹാർഡ് വെയർ എന്നിവിടങ്ങിൽ കവർച്ച നടത്തി. തുടർന്ന് ചെറൂപ്പ അങ്ങാടിയിലെ കെ.എം പ്ലൈ പെയിന്റ്സ് ആൻഡ് ഹാർഡ് വേഴ്സിന്റെ പൂട്ട് തകർക്കുന്നതിനിടെ ചില്ല് വാതിൽ തകർന്നതോടെ ശ്രമം ഉപേക്ഷിച്ചു. ശേഷം മാവൂരിലെത്തി കെട്ടാങ്ങൽ റോഡിലെ മിൽക്ക് ബൂത്തിലെ പണം കവർന്നു. അതിനുശേഷം സങ്കേതം കുനിയിൽ ശിവക്ഷേത്രത്തിലും മോഷണം നടത്തി. കൂടാതെ പയ്യോളി, നടുവണ്ണൂർ ഭാഗങ്ങളിലെ കടകളിലും മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ നവംബർ 24നും ചെറൂപ്പ കൂട്ടായി ബസാറിലെ ആർ.കെ ഹാർഡ് വെയർ ഷോപ്പിൽ മറ്റൊരു സംഘത്തോടൊപ്പം ഇയാൾ മോഷണം നടത്തിയിരുന്നു. എന്നാൽ, കടയുടമ മാവൂർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പ്രതിയുടെ മുൻകാല ചരിത്രം പരിശോധിച്ച സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിക്ക് കോഴിക്കോട് സിറ്റി, റൂറൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിരവധി നിരവധി കേസുകളുണ്ട്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ പൊലീസ്സ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേഷ് ബാബു, എസ്.പി.സി.ഒ ഷിബു, സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.