ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ
text_fieldsമുഹമ്മദ് രാജു
കരുനാഗപ്പള്ളി: ക്രിസ്തുമസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി 7.174 ഗ്രാം ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി 11.40ന് ആദിനാട് തെക്ക് കൊച്ചാലുംമൂട് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ റെയ്ഡിലാണ് ബിഹാർ സ്വദേശി പി.ഒ. മുഹമ്മദ് രാജു എന്നയാളെ അറസ്റ്റ് ചെയ്തത്.
നാട്ടിൽ പോയി തിരികെയെത്തിയ പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലൂടെയാണ് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നിന്നും ഒരുമാസം മുമ്പും പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളെ ബ്രൗൺ ഷുഗറുമായി കരുനാഗപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻറർമീഡിയറ്റ് അളവിലുള്ള മയക്കുമരുന്ന് കേസായതിനാൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റെയ്ഡിൽ ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ജി. രഘു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോഡ്‌വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എന്നിവരും പങ്കെടുത്തു.
കരുനാഗപ്പള്ളി താലൂക്ക് മേഖലയിലെ മദ്യ-മയക്കുമരുന്ന് സംബന്ധിച്ച പരാതികൾ 0476 2630831 എന്ന നമ്പറിൽ അറിയിക്കാമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.


