സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ കസ്റ്റഡിയിൽ
text_fieldsമുണ്ടക്കയം: സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ. ഇന്റലിജന്റസ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മുണ്ടക്കയം പൊലീസാണ് വിനോദസഞ്ചാരിയായ ഇസ്രായേൽ പൗരനെയും ഭാര്യയേയും ജില്ല അതിർത്തിയിൽനിന്നും കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞദിവസം ആലപ്പുഴയിൽ എത്തിയ ഇയാൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതോടെ അനധികൃതമായ സിഗ്നൽ ടെലികോം വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേരളത്തിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യം അറിയാതെയാണ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ദുബൈയിൽ നിന്നും വാങ്ങിയതായിരുന്നു ഫോൺ. മലയിലും കാടുകളിലും പോകുമ്പോൾ ഉപയോഗിക്കുന്നതിനായാണ് വാങ്ങിയതെന്നാണ് വിശദീകരണം. ടെലികമ്യൂണിക്കേഷൻ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുണ്ടക്കയം എസ്.എച്ച്.ഒ രാകേഷ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.