അറുകൊല നടത്തിയവർ പിടിയിലാവുന്നത് പത്താം വർഷം
text_fieldsകണ്ണൂർ: 2016 ഏപ്രിൽ 30. അന്നാണ് വീടിന് സമീപത്തെ സ്വന്തം ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യയായ മെരടൻ കുഞ്ഞാമിനയുടെ മൃതദേഹം കണ്ടെത്തിയത്. കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കാൽമുട്ടുകളും തല്ലിത്തകർത്തിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പാസ്പോർട്ട് ഓഫിസിൽ പോയ മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തിയ ശേഷം ഉമ്മയെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞാമിനയെ മരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത് രണ്ട് സ്ത്രീകളും ഒരു യുവാവും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായിരുന്നു. സംഭവം നടന്നശേഷം നാടുവിടുകയുംചെയ്തു. തുണിവില്പനക്കെന്ന് പറഞ്ഞ് സംഭവത്തിന് ഒരു മാസം മുമ്പാണ് മൂന്നു പേരും ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. സമീപത്തെ വീട്ടിൽനിന്ന് ക്വാർട്ടേഴ്സിൽ വർത്തമാനം പറയാനെത്തിയ കുഞ്ഞാമിനയെ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾക്ക് വേണ്ടി മൂവരും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവ്
കുഞ്ഞാമിനയുടെ കൊലപാതകക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ആധുനികവും ശാസ്ത്രീയവുമായി അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. ന്യൂഡല്‍ഹി നാങ്ങളോയി സ്വദേശികളായ പര്‍വീണ്‍ ഭാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീര്‍ കല്ലേൻ അറസ്റ്റ് ചെയ്തത്.
നൂറോളം കവർച്ചാ കേസുകൾ
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നൂറോളം കവർച്ചാ കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കേരള പൊലീസ് കണ്ടെത്തി. 2013 ജനുവരിയിൽ ആന്ധ്രപ്രദേശിലെ ഓംഗോളിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു. ഇവിടെ ഡോ. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെ ഓംഗോൾ പൊലീസ് ഇവിടെയെത്തി മൂവർസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 ദിവസം ജയിലിലും കിടന്നു.
പിന്നീട് നാലായിരം രൂപ വീതം കൈപ്പറ്റി ഇവരുമായി ഒരു ബന്ധവുമില്ലാത്ത ഗുണ്ടൂർ സ്വദേശികളായ ശ്രീലക്ഷ്മി, നളിനി എന്നീ രണ്ട് യുവതികളാണ് ഇവരെ ജാമ്യത്തിലെടുത്തത്. പണത്തിന് വേണ്ടി മാത്രമാണ് തങ്ങൾ ജാമ്യം നിന്നതെന്നും പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്കറിയില്ലെന്നുമാണ് ഇവർ കേരള പൊലീസിനോട് ചോദ്യംചെയ്യലിൽ പറഞ്ഞത്.
ഇതിനുശേഷം ഇവിടന്ന് മുങ്ങിയ പ്രതികൾക്കെതിരെ ഓംഗോൾ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയും സംഘം വ്യാജ പേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. ഇവിടന്ന് വെല്ലൂരിലെത്തിയ സംഘം ലോഡ്ജിൽ ഹൈദരാബാദ് മേൽവിലാസമുള്ള വ്യാജ പാൻകാർഡാണ് നൽകിയിരുന്നത്.
വിശാഖപട്ടണം ജിജി കോളജിലെ ഒരു അധ്യാപികയുടെ തിരിച്ചറിയൽ കാർഡ് തട്ടിയെടുത്താണ് സംഘം പാൻ കാർഡ് ഉണ്ടാക്കിയത്. ഇവിടെ ഹനുമൺ റാവുവിന്റെ ഉടമസ്ഥതയിലുള്ള രഘു ടവേഴ്സിൽ ഇവർ ആറ് മാസത്തോളം താമസിച്ചിരുന്നു. ഇവിടെയും വ്യാപക തട്ടിപ്പുകൾ നടത്തിയശേഷം മുങ്ങുകയായിരുന്നു.
മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം
കൊലപാതകത്തിന് ശേഷം സംഘം മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മേയ് അഞ്ച് മുതൽ 15 വരെ ഇവിടെ റായ്ഗഢിലെ ഹോട്ടലിൽ താമസിച്ചിരുന്ന സംഘം തുടർന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി.
ബംഗളൂരു സ്വദേശിയിൽ നിന്ന് തുണികൾ ഇറക്കിത്തരാമെന്ന് പറഞ്ഞ് ഇവിടേക്ക് വിളിച്ചുവരുത്തി 60,000 രൂപയും സംഘം ഇതിനിടെ തട്ടിയിരുന്നു. ഇവിടന്ന് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം 21 മുതൽ വീണ്ടും റായ്ഗഢിലെ ഹോട്ടലിൽ താമസിച്ചിരുന്നു. മേയ് 24 വരെ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നതെങ്കിലും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘം ഉപയോഗിച്ചിരുന്ന സിം കാർഡിലെ മേൽവിലാസം കർണാടക ഗുണ്ടൽപേട്ട് സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവർ ഇവിടെ വാടകക്ക് താമസിച്ചപ്പോൾ അയൽവാസിയായ യുവതിക്ക് മാക്സി വില്പന നടത്തി സിം കാർഡ് കൈവശപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി. ഗുജറാത്തിലെ പോർബന്തർ സ്വദേശികളാണെന്നാണ് ഇവർ ഇവിടെ പറഞ്ഞിരുന്നത്.
മൈസൂരുവിൽനിന്ന് ഇരിക്കൂറിലേക്ക്
ഇരിക്കൂറിലെ കൊലപാതകത്തിന് മുമ്പ് മൈസൂരുവിലെ ഹോട്ടലിൽ സംഘം താമസിച്ചിരുന്നു. ആര്യ കുമാർ, കോയമ്പത്തൂർ എന്ന വിലാസമാണ് ഇവിടെ നൽകിയിരുന്നത്. ഇരിക്കൂറിലും ഗുണ്ടൽപേട്ടിലും മുസ്ലിം വേഷത്തിലെത്തിയിരുന്ന സംഘം ബംഗളൂരു, മൈസൂരു, വെല്ലൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം ഹൈന്ദവ വേഷധാരികളായാണ് താമസിച്ചിരുന്നത്. മൈസൂരുവിൽനിന്നാണ് ചെങ്കോട്ട, പുനലൂർ, കായംകുളം വഴി സംഘം ഇരിക്കൂറിലെത്തിയത്. കമ്പനികളിൽനിന്ന് നേരിട്ട് തുണിയെടുത്ത് കുറഞ്ഞ വിലയ്ക്ക് വീടുകളിൽ നൽകുന്ന തൊഴിലാണെന്നാണ് ഇവർ ഇരിക്കൂറുള്ളവരോട് പറഞ്ഞിരുന്നത്. പരിസരവാസികളുടെ വിശ്വസ്തരാവാനും ഇവർക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് തന്നാൽ കുറഞ്ഞ വിലയ്ക്ക് തുണിത്തരങ്ങൾ കിട്ടുമെന്ന് പറഞ്ഞ് ചിലരുടെ രേഖകളുടെ പകർപ്പ് ഇവർ കൈക്കലാക്കിയിരുന്നു. ഹോട്ടലുകളിലും ക്വാർട്ടേഴ്സുകളിലും താമസസൗകര്യം ലഭിക്കാൻ ഇവർ ഇത്തരം രേഖകൾ ഉപയോഗിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
കേരളത്തിലെത്തിയത് 2016ൽ
2016 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഷൊർണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു. ചെറിയ വിലയ്ക്ക് കമ്പിളി ഇറക്കിത്തരാമെന്നും പറഞ്ഞ് ഷൊർണൂർ സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപയാണ് തട്ടിയത്. 65 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വില മതിക്കുന്ന തങ്ങളുടെ രണ്ട് വീടുകൾ വില്പന നടത്താനുണ്ടെന്ന് പറഞ്ഞ് മാനന്തവാടി സ്വദേശി അഷ്റഫിൽ നിന്ന് 2.25 ലക്ഷം രൂപയും തട്ടി.
ചെറിയ വിലയ്ക്ക് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽനിന്നും 65,000 രൂപയും കവർന്നു. ചാവക്കാട് സ്വദേശി ഇല്യാസിൽനിന്ന് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് 55,000 രൂപയാണ് തട്ടിയത്.
ഇയാളുടെ ബാങ്ക് പാസ് ബുക്കുമായി കടന്ന സംഘം ഇതിൽ കൃത്രിമം നടത്തിയാണ് ഉത്തരാഖണ്ഡിൽ ഹോട്ടലിൽ മുറിയെടുക്കാൻ ഉപയോഗിച്ചത്. ഇതിൽ ഷൊർണൂർ കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നെങ്കിലും സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല.


