കാക്കാത്തുരുത്തി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ചേർത്തല അജയയും സംഘവും പിടിയിൽ
text_fieldsമോഷണ കേസില്‍
അറസ്റ്റിലായവര്‍
ഇരിങ്ങാലക്കുട: കാക്കാത്തുരുത്തിയിലെ പലചരക്ക് കടയുടെ പൂട്ടുപൊളിച്ച് പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ചേർത്തല അജയയും കൂട്ടാളിയും പിടിയിൽ. ഇവർക്കൊപ്പം മോഷണസംഘത്തിലുണ്ടായിരുന്ന 17 വയസ്സുള്ള മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചേർത്തല പള്ളിപ്പുറം നികർത്തിൽ അജയ് (18), ചേർത്തല കുന്നേൽ നികർത്ത് സൂര്യജിത്ത് (25) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴയിൽനിന്ന് പിടികൂടിയത്.
കാക്കാത്തുരുത്തിയിൽ അനിലന്റെ എ.ജി സ്റ്റോഴ്സിന്റെ ഷട്ടർ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. ജനുവരി രണ്ടിന് പുലർച്ചയായിരുന്നു സംഭവം. മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ കവർന്നിരുന്നു. പിടിയിലായ അജയ് ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ അവസാന വാരം കൊരട്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽനിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നതും അന്നനാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ചതും ഈ സംഘമാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കൂടാതെ ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ബൈക്ക് മോഷണം, ക്ഷേത്ര കവർച്ച, യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും അജയ്ക്കെതിരെയുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഘത്തിലുണ്ടായിരുന്ന കൗമാരക്കാർക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സി.എൽ. ഷാജു, കാട്ടൂർ ഇൻസ്പെക്ടർ കെ.സി. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.


